തൃശൂർ
സംസ്ഥാനത്ത് 11 വർഷത്തിനിടെ ആനയുടെ ആക്രമണത്തിൽ മരിച്ചത് 185 പേർ. വനംവകുപ്പിന്റെ 2010 മുതൽ 2020 വരെയുള്ള കണക്കനുസരിച്ച് 173 ജീവനാണ് നഷ്ടപ്പെട്ടത്. ഈ വർഷം മാർച്ച് 31 വരെ ഒമ്പതുപേർ കൊല്ലപ്പെട്ടു. ഏറ്റവും ഒടുവിൽ തൃശൂരിലെ പാലപ്പിള്ളിയിൽ രണ്ടുമാസത്തിനിടെ മൂന്നുപേരെ കാട്ടാന ചവിട്ടിക്കൊന്നു.
കൂടുതൽപേർ കൊല്ലപ്പെട്ടത് 2016ലാണ്–-33. വയനാട്, പാലക്കാട് അട്ടപ്പാടി, കണ്ണൂർ, കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ മരണം. കേന്ദ്ര വനംമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഏഴ് വർഷത്തിനിടെ രാജ്യത്ത് 3310 പേർ ആനയാക്രമണത്തിൽ കൊല്ലപ്പെട്ടു. ഒഡീഷയിലാണ് കൂടുതൽ–- 589. ബംഗാൾ 562, അസം 479, ഛത്തീസ്ഗഢ് 413, ജാർഖണ്ഡ് 480 എന്നിങ്ങനെയാണ് മരണം. കോവിഡിലെയും അടച്ചുപൂട്ടലിലെയും ശാന്തത ആനയുൾപ്പെടെ വന്യജീവികൾ കാടിറങ്ങുന്നത് വർധിക്കാൻ ഇടയാക്കിയെന്ന് ഗവേഷകൻ ഡോ. പി എസ് ഈസ പറഞ്ഞു. അതിനാൽ കാട്ടിലേക്ക് കയറുമ്പോൾ നല്ല ജാഗ്രത വേണം.
പ്രതിരോധത്തിന് മാസ്റ്റർ പ്ലാൻ
വന്യജീവി ആക്രമണം തടയാൻ 600 കോടിയുടെ വിപുലമായ പദ്ധതി വനംവകുപ്പ് തയ്യാറാക്കുന്നുണ്ട്. സൗരോർജ വേലി, റെയിൽ വേലി തുടങ്ങിയവ വ്യാപകമാക്കും. ആനകൾ അടുക്കാത്ത തരം പ്രത്യേക മണം പരത്തുന്ന ചെടികൾ നട്ടുപിടിപ്പിച്ച് ജൈവവേലിയും പദ്ധതിയിലുണ്ട്.
ആനയിറങ്ങുമ്പോൾ അറിയിക്കാൻ എസ്എംഎസ് അലർട്ട് ഏർപ്പെടുത്തും. വനത്തിൽ ആനകൾക്ക് വെള്ളം ഉറപ്പാക്കാൻ തടയണ, ഭക്ഷണത്തിന് ഇഷ്ട തൈകൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ പദ്ധതികളുമുണ്ട്.