തൃശ്ശൂർ > കടുത്ത മമ്മൂട്ടി ആരാധകനായ സുബ്രഹ്മണ്യന് (മമ്മൂട്ടി സുബ്രന്, 50) നിര്യാതനായി. മമ്മൂട്ടിയോടുള്ള ആരാധനയുടെ പേരില്‍ പ്രശസ്തനായ ആളാണ് സുബ്രൻ. മമ്മൂട്ടി തന്നെയാണ് മരണവാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തൃശ്ശൂര്‍ ശങ്കരംകുളങ്ങര അമ്പലത്തിനടുത്തുള്ള ജങ്ഷനിലെ ആലിന്‍ചുവട്ടിലാണ് സുബ്രൻ കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രിയാണ് സുബ്രന് മരിച്ചത്. രാത്രി ഒമ്പതേമുക്കാലോടെ ശ്വാസംമുട്ടനുഭവപ്പെട്ട സുബ്രനെ നാട്ടുകാരാണ് തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. എന്നാൽ രക്ഷിക്കാനായില്ല.
“വര്‍ഷങ്ങളായി അറിയുന്ന സുബ്രന് വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് “മമ്മൂട്ടി സുബ്രന്” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍” – മമ്മൂട്ടി കുറിച്ചു.
മമ്മൂട്ടിയെ വച്ച് സിനിമചെയ്യാൻ ചുമടെടുത്ത് കിട്ടുന്ന പണം സൂക്ഷിച്ച് ലോട്ടറി എടുക്കുമായിരുന്നു സുബ്രൻ. ഇക്കാര്യം മമ്മൂട്ടിയുടെയും ചെവിയിലെത്തി. തന്നെ കാണാൻ ലൊക്കേഷനിൽ എത്തിയ സുബ്രന് മമ്മൂട്ടി സ്കൂട്ടർ സമ്മാനമായി നൽകിയ സംഭവവും ഉണ്ടായി.