കോഴിക്കോട്
ചേവരമ്പലം കൂട്ട ബലാത്സംഗ കേസിലെ പ്രതി ഫഹദ് സിപിഐ എം പ്രവർത്തകനെന്ന് നുണപ്രചാരണം. ബിജെപി സൈബർ പോരാളികളാണ് കള്ളപ്രചാരണത്തിന് പിന്നിൽ. ബിജെപി മുഖപത്രം ഒന്നാം പേജിൽ നുണവാർത്തയും നൽകി. മുസ്ലിംലീഗുകാരടക്കം യുഡിഎഫ് സൈബർപോരാളികളും സംഘി നുണപ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ അത്തോളി മേഖലയിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തനത്തിൽ പങ്കാളിയല്ല ഫഹദ്. ഡിവൈഎഫ്ഐയുടെ ഏതെങ്കിലും ഘടകത്തിലോ അംഗത്വത്തിലോ ഉൾപ്പെട്ടയാളല്ല ഫഹദെന്നും രാഷ്ട്രീയ ലക്ഷ്യത്താടെ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും അത്തോളി മേഖലാ സെക്രട്ടറി എം സഫ്ദർ ഹാഷ്മി പറഞ്ഞു.
യാഥാർഥ്യങ്ങൾ മറച്ചുവെച്ചുള്ള അസത്യ പ്രചാരണങ്ങളാണ് നടക്കുന്നത്. നേരത്തേ ഗൾഫിലായിരുന്ന ഫഹദ് കുറച്ചുകാലമായി നാട്ടിലുണ്ട്. ഇയാൾ പ്രാദേശിക വാട്ട്സാപ്പ് കൂട്ടായ്മകളിലും മറ്റും ഇടതുപക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്നയാളാണ്. അതേസമയം കേസിലെ ഒന്നാം പ്രതി അജ്നാസ് കോൺഗ്രസിന്റെ സജീവ സൈബർ മുഖമാണ്. ഇക്കാര്യം ‘പോരാളികൾ’ മറച്ചുവെച്ചു. കോൺഗ്രസ് സൈബർ ടീമിന്റെ കുറിപ്പുകൾ ഇയാൾ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് സിപിഐ എമ്മിനെതിരായ ‘പോരാട്ടം’.