ന്യൂയോർക്ക്
ലോക വനിതാ ടെന്നീസിൽ ഇനി എമ്മ റഡുകാനു യുഗം. കൗമാരപ്പോരിൽ ക്യാനഡയുടെ ലെയ്–ല ഫെർണാണ്ടസിനെ വീഴ്ത്തി റഡുകാനു യുഎസ് ഓപ്പൺ കിരീടം ചൂടി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പതിനെട്ടുകാരിയുടെ ജയം. സ്–കോർ: 6–4, 6–3. ആർതർ ആഷെ സ്റ്റേഡിയത്തിൽ അൽഭുതം തീർത്ത റഡുകാനു മൂന്നുമാസംമുമ്പാണ് ലോകവേദിയിൽ അരങ്ങേറ്റം കുറിച്ചത്.
മരിയ ഷരപോവയ്ക്കുശേഷം ഗ്രാൻഡ് സ്ലാം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ് റഡുകാനു. യോഗ്യതാ റൗണ്ടിലൂടെ എത്തി കിരീടമണിയുന്ന ആദ്യ താരം എന്ന നേട്ടവും ബ്രിട്ടീഷുകാരി സ്വന്തംപേരിലാക്കി. 44 വർഷങ്ങൾക്കുശേഷം ഗ്രാൻഡ് സ്ലാം വിജയിക്കുന്ന ബ്രിട്ടീഷ് വനിതയാണ്. 1977ൽ വിർജീനിയ വെയ്ഡ് വിംബിൾഡൺ നേടിയശേഷം ആദ്യ ബ്രിട്ടീഷ് മുത്തം. ഒറ്റ സെറ്റും നഷ്ടപ്പെടാതെയാണ് റഡുകാനു ടൂർണമെന്റിൽ മുന്നേറിയത്. 2014ൽ സെറീന വില്യംസ് മാത്രമാണ് ഇതിനുമുമ്പ് ഒരു സെറ്റും വിട്ടുകൊടുക്കാതെ ചാമ്പ്യനായത്. 1999ൽ സെറീന വില്യംസും മാർട്ടിന ഹിങ്ഗിസും തമ്മിലുള്ള പോരാട്ടമായിരുന്നു യുഎസ് ഓപ്പണിൽ ഇതുനുമുമ്പുള്ള കൗമാര ഫെെനൽ.
പതിനെട്ടുകാരി റഡുകാനുവിനും, പത്തൊമ്പതുകാരി ലെയ്–ലയ്ക്കും കന്നി ഗ്രാൻഡ് സ്ലാം ഫെെനലായിരുന്നു ഇത്. ഇരുവരും ലോകടെന്നീസിൽ പുതുമുഖങ്ങൾ. സീഡ് ചെയ്യപ്പെടാതെ എത്തി വമ്പൻ താരങ്ങളെയെല്ലാം വീഴ്ത്തി ഫെെനലിലേക്ക് മുന്നേറി. ഒരു മണിക്കൂറും 51 മിനിറ്റുമായിരുന്നു കിരീടപ്പോരാട്ടം നീണ്ടത്. കഴിഞ്ഞ കളികളിൽ ആവർത്തിച്ച അതേ മികവ് തുടർന്നു റഡുകാനു. എതിരാളിക്ക് അവസരം നൽകാതെ മുന്നേറി. കരുത്തുറ്റ സർവുകളിലൂടെയും പിഴവുകൾ വരുത്താതെയും കിരീടത്തിലേക്ക് റാക്കറ്റ് വീശി പതിനെട്ടുകാരി. ആദ്യ സെറ്റിന്റെ അവസാനം കാലിന് ചെറിയ പരിക്കേറ്റെങ്കിലും ഗുരുതരമായിരുന്നില്ല.
ജൂണിൽ വിംബിൾഡണിലാണ് റഡുകാനു അരങ്ങേറിയത്. നാലാം റൗണ്ടുവരെ മുന്നേറി. ഈ കലണ്ടർ വർഷം ആരംഭിക്കുമ്പോൾ 345–ാംറാങ്കുകാരി. യുഎസ് ഓപ്പണിൽ യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങൾ ഉൾപ്പെടെ ആകെ 10 കളി ജയിച്ചു. നിലവിൽ 23–ാംറാങ്കിലെത്തി. 18 കോടി രൂപയാണ് യുഎസ് ഓപ്പൺ ജേത്രിക്കുള്ള സമ്മാനത്തുക. റണ്ണറപ്പായ ലെയ്–ലയ്ക്കും ഇത് അവിസ്മരണീയ ടൂർണമെന്റാണ്. നിലവിലെ ചാമ്പ്യനായിരുന്ന നവോമി ഒസാക, എലീന സ്വിറ്റോളിന എന്നിവരെ കീഴടക്കിയാണ് ക്യാനഡക്കാരി കുതിച്ചത്.