കോട്ടയം:നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് കേരള കോൺഗ്രസ് എം. നേതാവ് ജോസ് കെ. മാണി. ബിഷപ്പ് സാമൂഹ്യ തിൻമക്കെതിരേ ജാഗ്രത പുലർത്താൻ നിർദേശിക്കുകയാണ്ചെയ്തത്. ബിഷപ്പിനെ അധിക്ഷേപിച്ചവർ കേരളത്തിന്റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ജോസ് കെ. മാണി ആരോപിച്ചു.
ബിഷപ്പിന്റെ പരാമർശം വിവാദമാക്കാൻ പ്രത്യേക അജണ്ടയുണ്ട്. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ബിഷപ്പ് ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിക്കേണ്ടതില്ലെന്നും ജോസ് കെ. മാണി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ബിഷപ്പിന്റെ പരാമർശം വിവാദമായി മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജോസ് കെ. മാണിയുടെ പ്രതികരണം. വിഷയത്തിൽ ജോസ് കെ. മാണി വിഭാഗത്തിന്റെ പ്രതികരണം വൈകുന്നതിൽ സഭയ്ക്കുള്ളിലും അണികൾക്കിടയിലും വലിയ വിമർശനം ഉയർന്നിരുന്നു. ജോസ് കെ. മാണി നിലപാട് വ്യക്തമാക്കാനുള്ള ആർജവം കാണിക്കണമെന്ന് ദീപികയിലെ ലേഖനത്തിലൂടെ സഭ വിമർശിച്ചതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
content highlights:jose k mani backs pala bishops in controversial statement