ദുബായ്: ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ കളിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ശിഖർ ധവാൻ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടായിരുന്ന ഒഴുക്ക് മത്സരം നിർത്തിവെച്ചതോടെ നഷ്ടമായെന്നും അത് ഇനി വീണ്ടെടുക്കേണ്ടതുണ്ടെന്നും സീസണിൽ നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ധവാൻ പറഞ്ഞു.
ഐപിഎൽ 2021ന്റെ ആദ്യ പകുതിയിൽ എട്ട് മത്സരങ്ങളിൽ നിന്നായി 380 റൺസാണ് ഓപ്പണിങ് ബാറ്റ്‌സ്മാനായ ധവാൻ നേടിയത്. യുഎഇയിൽ മത്സരം പുനരാരംഭിക്കുമ്പോൾ ടീമിലെ എല്ലാവരും അതിനായി കഠിന പ്രയത്നത്തിലാണെന്ന് ധവാൻ പറഞ്ഞു.
“തിരിച്ചുവന്നത് വളരെ സന്തോഷകരമാണ്. ടീമിനുള്ളിൽ ഒരു മികച്ച അന്തരീക്ഷമുണ്ട്. എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു, ഞാൻ ഈ ഐപിഎൽ സീസണിനായി കാത്തിരിക്കുകയായിരുന്നു. വരാനിരിക്കുന്ന മത്സരങ്ങൾ കളിക്കാൻ ഞാൻ വളരെ ആവേശത്തിലാണ്,”
ഐപിഎൽ 2021 സീസണിൽ ഇതുവരെ മൂന്ന് അർധസെഞ്ചുറികൾ നേടിയ ധവാൻ, ആദ്യ മത്സരം മുതൽ തന്നെ ടീം മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞു. “എപ്പോഴും വിജയത്തിൽ നിന്നും ആരംഭിക്കുന്നത് വളരെ പ്രധാനമാണ്. ആദ്യ മത്സരത്തിൽ തന്നെ ഞങ്ങൾ നന്നായി കളിക്കേണ്ടതുണ്ട്, അതുകൊണ്ട് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിനായി ഞങ്ങൾ കഠിനപ്രയത്നത്തിലാണ്. ഞങ്ങളുടെ കഠിനാധ്വാനം മത്സരങ്ങളിൽ കൊണ്ട് വരുകയും മികച്ച ഫലങ്ങൾ നേടുകയും വേണം.”
രണ്ടാം പകുതിയിൽ ശ്രേയസ് അയ്യർ കൂടി ടീമിനൊപ്പം ചേരുമ്പോൾ ടീമിനെ കൂടുതൽ ശക്തമാക്കുമെന്നും ധവാൻ പറഞ്ഞു.
“സീസണിന്റെ ആദ്യ പകുതിയിൽ ഞങ്ങൾ നല്ല ഒഴുക്കിലായിരുന്നു, ടൂർണമെന്റ് താൽക്കാലികമായി നിർത്തിവച്ചതോടെ ആ ഒഴുക്ക് തകർന്നു. അതിനാൽ ഊർജം കണ്ടെത്തുകയും ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒഴുക്ക് തിരിച്ചുപിടിക്കുകയും വേണം. ഞങ്ങളുടെ ടീം സന്തുലിതമാണ് എന്നത് നല്ല കാര്യമാണ്, ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തി, ഞങ്ങളുടെ ടീം ഇപ്പോൾ കൂടുതൽ ശക്തമാണ്,” ധവാൻ പറഞ്ഞു.
യുഎഇയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ചൂടിനേയും തോൽപിക്കും എന്ന മറുപടിയാണ് ധവാൻ നൽകിയത്.
Also read: മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതിനു പിന്നാലെ താരങ്ങളെ യൂഎഇയിൽ എത്തിച്ച് മുംബൈ ഇന്ത്യൻസ്
അതേസമയം, ഇംഗ്ലണ്ടിലായിരുന്ന ഡൽഹി ക്യാപിറ്റൽസിലെ എല്ലാ താരങ്ങളും ഇന്ന് ദുബൈയിൽ എത്തി. റിഷഭ് പന്ത്, ആർ അശ്വിൻ, അജിങ്ക്യ രഹാനെ, ഇഷാന്ത് ശർമ്മ, അക്സർ പട്ടേൽ, പൃഥ്വി ഷാ, ഉമേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള കളിക്കാരാണ് ദുബായിലെത്തിയത്. ഇവർ കോവിഡ് പരിശോധനക്ക് വിധേയരായി.
ഐപിഎൽ പ്രോട്ടോക്കോൾ പ്രകാരം ഇവർ ആറ് ദിവസം ഹാർഡ് ക്വാറന്റൈൻ പോകും, ഈ സമയത്ത് അവർ മൂന്ന് തവണ കോവിഡ് പരിശോധനക്കും വിധേയരാകും. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ഇവർ ടീമിനൊപ്പം ചേരുക.
കഴിഞ്ഞ വർഷത്തെ ഐപിൽഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് രണ്ടാം സ്ഥാനക്കാരായിരുന്നു, ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ ആയിരുന്നു തോൽവി.
The post IPL 2021: ഐപിഎൽ നിർത്തിവെച്ചതോടെ ആ ഒഴുക്ക് നഷ്ടപ്പെട്ടു: ശിഖർ ധവാൻ appeared first on Indian Express Malayalam.