തിരുവനന്തപുരം > നിസാമുദ്ദീന് എക്സ്പ്രസില് സ്ത്രീകളെ മയക്കികിടത്തി സ്വർണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. അസ്ഗർ ബാദ്ഷ എന്നയാളുടെ ചിത്രമാണ് റെയിൽവെ പൊലീസ് പുറത്തുവിട്ടത്. സ്ഥിരം കുറ്റവാളിയായ ഇയാൾ ട്രെയിനിലുണ്ടായിരുന്നതായി മോഷണത്തിന് ഇരയായവർ സ്ഥീരികരിച്ചതോടെയാണിത്. അസ്ഗർ സ്ഥിരം മോഷ്ടാവാണെന്നും മധുരയിലും നാഗർകോവിലിലും മുമ്പ് സമാനമായ കവർച്ചകൾ നടത്തിയിട്ടുണ്ടെന്നും ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ന് രാവിലെ നിസാമുദ്ദീനിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എക്സ്പ്രസ് ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രണ്ട് കോച്ചുകളിലായി മൂന്ന് സ്ത്രീകളെ ബോധരഹിതരായി കണ്ടെത്തിയത്. തുടർന്ന് ഇവരെ തിരുവനന്തപുരം ജനറല് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ഇവർ ബോധം വീണ്ടെടുത്തതോടെയാണ് മോഷണ വിവരം പുറത്തുവന്നത്.
ഡല്ഹിയില് നിന്ന് കായംകുളത്തേക്ക് യാത്രചെയ്ത തിരുവല്ല സ്വദേശി രാജലക്ഷ്മി, മകള് ഐശ്വര്യ. ഡല്ഹിയില് നിന്ന് ആലുവയിലേക്ക് യാത്രചെയ്ത എറണാകുളം സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചയ്ക്കിരയായത്. രാജലക്ഷ്മിയുടെയും മകളുടെയും ബാഗിൽ നിന്നു പത്ത് പവൻ സ്വര്ണവും രണ്ട് മൊബൈല് ഫോണുകളുമാണ് നഷ്ടമായത്. മറ്റൊരു കോച്ചിലായിരുന്ന കൗസല്യയുടെ സ്വര്ണക്കമ്മലുകളും മോഷണം പോയി.