അഫ്ഗാൻ, വളരെ മനോഹരമായ ഒരു രാജ്യം. മലകളും മരങ്ങളും താഴ്വരകളും സ്നേഹമുള്ള മനുഷ്യരും നിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലം. ഇനി അത് കാണുമോ എന്ന് ഒരു ഉറപ്പും ഇല്ല. ദൈവം ഉണ്ടാക്കിയെടുത്ത ആ സുന്ദര ഭൂമി ഇനി താലിബാന്റെ കൈയിൽ പെട്ട് എന്ത് സംഭവിക്കും? ഇനി അത് എനിക്ക് കാണാൻ ഒരു അവസരമുണ്ടാകില്ല എന്നത് വളരെ ഏറെ സങ്കടപ്പെടുത്തുന്നു. കുട്ടികളുടെ കളികളും ചിരിയും ഇനി എനിക്ക് അനുഭവിക്കാൻ സാധിക്കില്ലല്ലോ?
മരണമണമുള്ള അഫ്ഗാൻ മണ്ണിൽ നിന്ന് പിറന്ന മണ്ണായ കാസർക്കോട്ടെത്തിയ സിസ്റ്റർ തെരേസ ക്രാസ്ത പറയുന്നു.കാബൂളിലെ തൈമണി പ്രദേശത്ത് ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികൾക്കായുള്ള പിബികെ ഇറ്റാലിയാന എന്ന സ്കൂളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു സിസ്റ്റർ തെരേസ.
ബേളയിലെ പരേതനായ ലൂയീസ് ക്രാസ്തയുടെയും സെലിൻ ഡിസൂസയുടെയും 11 മക്കളിൽ രണ്ടാമത്തെയാളാണ് തെരേസ ക്രാസ്ത. മംഗളൂരു ഇടവകയിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന വിഭാഗത്തിൽ 20 വർഷം മുമ്പാണ് തെരേസ ക്രാസ്ത കന്യാസ്ത്രീ പട്ടം സ്വീകരിച്ചത്. മംഗളൂരുവിൽ സേവനമനുഷ്ടിച്ചു കൊണ്ടിരിക്കുന്നതിനിടെ പോപിന്റെ അറിയിപ്പിനെ തുടർന്നാണ് തെരേസ ക്രാസ്ത അഫ്ഗാനിലേക്ക് പോകാൻ സ്വമേധയാ തയ്യാറെടുക്കുന്നത്.
2018ലാണ് സിസ്റ്റർ തെരേസ ക്രാസ്ത അഫ്ഗാനിസ്താനിലെത്തുന്നത്. എന്നാൽ സേവന കാലാവധി കഴിയാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് താലിബാൻ അഫ്ഗാനിസ്താനിൽ പിടിമുറുക്കിയത്.
സിസ്റ്റർ തെരേസ ക്രാസ്ത ഡൽഹിയിലെത്തിയപ്പോൾ
| Photo: സാബു സ്കറിയാച്ചൻ
അഫ്ഗാൻ പ്രാദേശിക ഭാഷയായ ധറി എന്ന ഭാഷയിലായിരുന്നു ഞാൻ കുട്ടികളോട് സംസാരിച്ചിരുന്നത്. അത്ര വേഗത്തിലല്ലെങ്കിലും ചെറിയ രീതിയിൽ പഠിച്ചെടുക്കുകയായിരുന്നു ആ ഭാഷ. താലിബാന്റെ വരവോടെ എല്ലാം അവസാനിച്ചു. സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ കുടുംബങ്ങളും അഫ്ഗാനിൽ നിന്ന് പാലായനം ചെയ്തു. ഇപ്പോൾ ഒരു കുടുംബം മാത്രമാണ് അഫ്ഗാനിസ്താലുള്ളത്. വൈകാതെ അവരും അഫ്ഗാൻ വിട്ടേക്കും.
ഭീതിയായിരുന്നു, എന്ത് സംഭവിക്കും എന്ന ഭയം. കാബൂളിൽ നിന്ന് എയർ ലിഫ്റ്റിൽ തജിക്കിസ്താലെത്തിയപ്പോഴും അവിടെ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലും. പ്രാർത്ഥനയാണ് രക്ഷിച്ചത്. എല്ലാവരോടും നന്ദി മാത്രമേ പറയുന്നുള്ളൂ.
പിബികെ ഇറ്റാലിയാന സ്കൂളിലെ കുട്ടികൾ
12 ജീവനക്കാരായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. എല്ലാവരും അവിടെ നിന്ന് പോയി. ഇപ്പോൾ ഒരു അഫ്ഗാൻ ജീവനക്കാരൻ മാത്രമായിരുന്നു അവിടെ ഉള്ളത്. വൈകാതെ തന്നെ അവരും പലായനം ചെയ്യും.
78 പേരായിരുന്നു ഡൽഹിയിലേക്കുള്ള വിമാനത്തിൽ ഉണ്ടായിരുന്നത്. അതിൽ തന്നെ ചെറിയ കുട്ടികളും 20 സ്ത്രീകളും ഉണ്ടായിരുന്നു. കൂട്ടത്തിൽ അഫ്ഗാൻ പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നു. താലിബാൻ ഭീകരവാദികൾ കൂട്ടത്തിൽ ഉണ്ടാകുമോ എന്ന ഭയം യാത്രയിലുടനീളം ഉണ്ടായിരുന്നു.
അഫ്ഗാനിൽ സേവനമനുഷ്ടിക്കാൻ തയ്യാറുള്ള സിസ്റ്റർമാർ ആരാണുള്ളത് എന്ന് പ്രൊവിൻസ് സിസ്റ്റർമാരോട് ചോദിച്ചപ്പോൾ സ്വമേധയാ തന്നെ സിസ്റ്റർ തെരേസ ക്രാസ്ത രംഗത്തെത്തുകയായിരുന്നു.
പിബികെ ഇറ്റാലിയാന സ്കൂളിലെ കുട്ടികൾ
വിദ്യാഭ്യാസത്തെശക്തമായി എതിർക്കുന്ന താലിബാനിലെ കുട്ടികളുടെ കാര്യം എന്താകും എന്ന കാര്യത്തിൽ ആശങ്കയുണ്ട്. കുട്ടികൾക്കൊന്നും ഇനി പഠിക്കാനുള്ള സാഹചര്യം ഉണ്ടാകില്ല.ഇനി അങ്ങോട്ട് ധൃതിപിടിച്ച ദിനങ്ങളാണ്. വൈകാതെ തന്നെ ബെംഗളൂരുവിലേക്ക് പോകും. ബെംഗളൂരുവിലെ സോളൂരിലെ ആശുപത്രിയിലായിരിക്കും ഇനിയുള്ള സേവനം.
Content Highlights: Sister tresa crasta talking, after reach from afghanistan