മലപ്പുറം
കലാജീവിതത്തെ നമ്പൂതിരിയെന്ന നാലക്ഷരത്തിൽ മുദ്രിതമാക്കി കാലത്തെ വിസ്മയിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരിക്ക് തിങ്കളാഴ്ച 96. തുഞ്ചൻ സ്മാരക മലയാള സർവകലാശാലയ്ക്ക് എഴുത്തച്ഛന്റെ രേഖാചിത്രം പൂർത്തിയാക്കിയ സന്തോഷത്തിലാണ് അദ്ദേഹം. ആളും ആരവവുമില്ലാതെയാണ് ഇത്തവണ പിറന്നാൾ.
മുഖ്യമന്ത്രി പിണറായി വിജയന്റെ രേഖാചിത്രവും പെയിന്റിങ്ങുമായി പൂമുഖത്ത് ഇരിപ്പാണ് നമ്പൂതിരി. ‘‘നേരത്തെ പൂർത്തിയാക്കിയതാണ്. മുഖ്യമന്ത്രിക്ക് നൽകി. വീണ്ടും ഒന്ന് കൈവച്ചുനോക്കിയതാണ്’’–- വരപോലെ ലാളിത്യം നിറഞ്ഞ ചിരി. ‘‘പലരും ചിത്രങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലത് പണിപ്പുരയിലാണ്. കോവിഡല്ലേ, പുറത്തിറങ്ങാറില്ല. ചാത്തനാത്ത് അച്യുതനുണ്ണി പറഞ്ഞിട്ടാണ് എഴുത്തച്ഛന്റെ ചിത്രം വരച്ചത്. ചിത്രം അവർ വന്ന് ഏറ്റുവാങ്ങിയപ്പോൾ സന്തോഷം. തുഞ്ചന്റെ മണ്ണല്ലേ നമ്മുടെ കളരി’’–- അർഥം നിറച്ച വാക്കുകൾ.
‘‘പിറന്നാളിന് പ്രത്യേക ആഘോഷമില്ല. വരയും ദിനചര്യകളുമായി കടന്നുപോകും. ചിലർ ഫോണിലൂടെ അന്വേഷണം പറയും. സന്തോഷംമാത്രം’’–- കാലം മായ്ക്കാത്ത വരകൾക്ക് ജീവൻ പകർന്ന കൈകൾ കൂപ്പി നമ്പൂതിരി വിനയാന്വിതനായി.
1925 സെപ്തംബർ 13ന് (ചിങ്ങത്തിലെ ആയില്യം) പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് വാസുദേവൻ നമ്പൂതിരിയുടെ ജനനം. വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ശോഭിച്ചു. പുരസ്കാരത്തിളക്കത്തിലും അംഗീകാര നിറവിലും ഭാവഭേദമില്ലാതെ കർമനിരതനായി നമ്പൂതിരി. കലയുടെ കൊടുമുടി താണ്ടിയ നിർമമത്വം. ഇളയ മകൻ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാൾ നടുവട്ടത്തെ വീട്ടിലാണ് താമസം.