കണ്ണൂർ
തോക്ക് ലൈസൻസ് നേടാൻ വ്യാജരേഖ ഹാജരാക്കിയ മൂന്ന് കശ്മീർ സ്വദേശികൾക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. എടിഎമ്മിൽ പണം നിറയ്ക്കാൻ പോകുന്ന വാഹനത്തിലെ സെക്യൂരിറ്റി ജീവനക്കാരായ കശ്മീര് രജൗറി സ്വദേശികളായ കശ്മീർ സിങ്, പ്രദീപ് സിങ്, കല്ല്യാൺ സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ലൈസൻസില്ലാത്ത തോക്ക് പിടിച്ചെടുത്തതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്.
എടിഎമ്മുകളിലേക്ക് പണം കൊണ്ടുപോകുന്ന വാഹനങ്ങളിൽ സായുധ സുരക്ഷ നിർബന്ധമാക്കിയിരുന്നു. പണം നിറയ്ക്കുന്നതിന് കരാറെടുത്ത കമ്പനിയാണ് സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിക്കുന്നത്. മൂന്നു മാസം മുമ്പ് രഹസ്യവിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് ഇത്തരമൊരു വാഹനത്തിൽനിന്ന് പിടിച്ചെടുത്ത തോക്കുകൾക്ക് ലൈസൻസുണ്ടായില്ല. ഈ തോക്കുകൾ പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം വിട്ടുനൽകുകയുംചെയ്തു. നിയമപരമായാണ് തോക്ക് കൈവശം വയ്ക്കുന്നതെന്നായിരുന്നു ഇവർ ഹൈക്കോടതിയെ വിശ്വസിപ്പിച്ചത്.
ലൈസൻസ് സംബന്ധിച്ച രേഖകൾക്കായി രജൗറി എഡിഎമ്മിനെ സമീപിച്ചപ്പോഴാണ് വ്യാജരേഖകളാണ് ലൈസൻസിനായി ഇവർ സമർപ്പിച്ചതെന്നു വ്യക്തമായത്. തോക്കുകൾക്ക് ലൈസൻസില്ലെന്നു വെളിപ്പെട്ടതായും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു. പ്രതികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കി.