കോഴിക്കോട്
‘ടിക്ടോക്കി’ലൂടെ പരിചയപ്പെട്ട യുവതിയെ ചേവായൂരിലെ ഫ്ലാറ്റിലെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായി. ചേമഞ്ചേരി തിരുവങ്ങൂർ കാലടി വീട്ടിൽ ഷുഹൈബ്(39), അത്തോളി കണ്ണച്ചാങ്കണ്ടി പറമ്പിൽ ഷാലിമാർ വീട്ടിൽ ലിജാസ്(34) എന്നിവരെയാണ് മെഡി. കോളേജ് അസി. കമീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശികളായ ഒന്നാംപ്രതി അജ്നാസ്(36), രണ്ടാംപ്രതി ഫഹദ്(36)എന്നിവർ വെള്ളിയാഴ്ച പിടിയിലായിരുന്നു. ഒളിവിൽപോയ പ്രതികൾ തലയാട് വനത്തിൽ നിന്നാണ് പിടിയിലായത്. പൊലീസുകാരെ ആക്രമിക്കാനും ശ്രമമുണ്ടായി. തുടർന്ന് ഉൾക്കാട്ടിലേക്ക് ഓടിയ ഇവരെ പിന്തുടർന്നാണ് കീഴ്പ്പെടുത്തിയത്. 48 മണിക്കൂറിനകം കേസിലെ മുഴുവൻ പ്രതികളും പിടിയിലായത് പൊലീസിന് നേട്ടമായി.
പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു. വൈദ്യ പരിശോധനക്ക് ശേഷം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. അസി. കമീഷണർക്കു പുറമെ ചേവായൂർ സിഐ പി ചന്ദ്രമോഹനൻ, എസ്ഐമാരായ ഷാൻ, അഭിജിത്ത്, ഡൻസാഫ് അംഗങ്ങളായ കെ എ ജോമോൻ, എം സജി, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാഫി പറമ്പത്ത്, എ പ്രശാന്ത്കുമാർ, സുമേഷ് ആറോളി എന്നിവരാണ് സംഘത്തിലുണ്ടായത്.
ബുധനാഴ്ച രാത്രിയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ ചേവായൂരിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചത്. ഒന്നാംപ്രതി അജ്നാസ് പ്രണയം നടിച്ചാണ് ഇവരെ കോഴിക്കോട്ടേക്ക് വിളിച്ചത്. രണ്ടാം പ്രതിയായ ഫഹദിന്റെ കാറിൽ ഫ്ലാറ്റിലെത്തിച്ച് നാലുപേരും ചേർന്ന് ലഹരിമരുന്ന് ചേർത്ത സിഗരറ്റും മദ്യവും നൽകിയാണ് പീഡിപ്പിച്ചത്. ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. യുവതിക്ക് ബോധക്ഷയമുണ്ടായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.