ന്യൂയോർക്ക്> ഇരുപത്തൊന്നാം ഗ്രാൻഡ് സ്ലാം കിരീടത്തിലേക്ക് നൊവാക് ജൊകോവിച്ചിന് ഇനി ഒരു ജയംകൂടി. യുഎസ് ഓപ്പൺ സെമിയിൽ ജർമനിയുടെ അലെക്സാണ്ടർ സ്വരേവിനെ അഞ്ചുസെറ്റ് പോരാട്ടത്തിൽ കീഴടക്കിയാണ് ജൊകോവിച്ച് ചരിത്രനേട്ടത്തിന് അരികെയെത്തിയത്.
കലണ്ടർ ഗ്രാൻഡ് സ്ലാം നേട്ടത്തിനും അടുത്തെത്തി ഈ സെർബിയക്കാരൻ. ഫെെനലിൽ റഷ്യയുടെ ഡാനിൽ മെദ്-വെദെവാണ് എതിരാളി. തിങ്കൾ പുലർച്ചെ 1.30നാണ് ഫെെനൽ. ആദ്യസെറ്റ് നഷ്ടമായശേഷമായിരുന്നു സ്വരേവിനെതിരെ ജൊകോവിച്ചിന്റെ തിരിച്ചുവരവ്. സ്കോർ–4–6, 6–2, 6–4, 4–6, 6–2.
ക്യാനഡയുടെ ഫെലിക്സ് ഓഗർ അലിയാസിമയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് മെദ്-വെദെവ് മുന്നേറിയത് (6–4, 7–5, 6–2). കന്നി ഗ്രാൻഡ് സ്ലാം കിരീടമാണ് മെദ്വെ-ദെവിന്റെ ലക്ഷ്യം. നാലാംസീഡായ സ്വരേവ് ഒളിമ്പിക്സിൽ ജൊകോവിച്ചിനെ വീഴ്ത്തിയിരുന്നു. യുഎസ് ഓപ്പൺ സെമിയുടെ ആദ്യസെറ്റിൽ സ്വരേവ് ജൊകോയെ പരീക്ഷിച്ചു. എന്നാൽ, രണ്ടും മൂന്നും സെറ്റുകൾ നേടിയ ലോക ഒന്നാംറാങ്കുകാരൻ തിരിച്ചുവന്നു.
നാലാംസെറ്റ് തകർപ്പൻ ഫോർഹാൻഡ് വിന്നറിലൂടെ സ്വന്തമാക്കിയ സ്വരേവ് മത്സരം അഞ്ചാംസെറ്റിലേക്ക് നീട്ടി. അഞ്ചാംസെറ്റിൽ സ്വരേവിന്റെ ആദ്യ സെർവ് ഭേദിച്ച ജൊകോ പിന്നെ വിട്ടുകൊടുത്തില്ല. 5–0ലേക്ക് കുതിച്ചു. മൂന്നുമണിക്കൂർ 33 മിനിറ്റ് നീണ്ട മത്സരം ഒടുവിൽ സ്വന്തം പേരിലാക്കുകയും ചെയ്തു. ഇരുപതാം ഗ്രാൻഡ് സ്ലാം കിരീടവുമായി നിലവിൽ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കൊപ്പമാണ് ജൊകോവിച്ച്. ഒരു കിരീടംകൂടി നേടിയാൽ പുരുഷ ടെന്നീസിൽ പുതിയ ചരിത്രം പിറക്കും.