ന്യൂയോർക്ക്
ലോകത്തെ നടുക്കിയ സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ ഓർമ പുതുക്കി അമേരിക്ക. നാല് യാത്രാവിമാനം റാഞ്ചി ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരത്തിലേക്കും പെന്റഗണിലേക്കും അൽ ഖായ്ദ നടത്തിയ ഭീകരാക്രമണത്തിന്റെ 20–-ാം വാർഷികമായിരുന്നു ശനിയാഴ്ച. മൂവായിരത്തോളം പേർ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഓർമ പുതുക്കൽ ഒരു മിനിറ്റ് നീണ്ട മൗനാചരണത്തോടെയാണ് സ്മാരക മ്യൂസിയത്തിൽ തുടങ്ങിയത്. പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ എന്നിവർ നേതൃത്വം നൽകി. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ ഭാര്യ മിഷേലിനൊപ്പവും ബിൽ ക്ലിന്റൺ ഭാര്യയും മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരിക്കൊപ്പവുമെത്തി.
വസ്ത്രത്തിൽ നീല റിബൺ അണിഞ്ഞ്, കൈകൾ കോർത്ത് മരിച്ചവർക്ക് ആദരമർപ്പിച്ചു.
പരിപാടിയുടെ തുടക്കത്തിൽ മരിച്ചവരുടെ പേര് വായിച്ചു. അവരുടെ ചിത്രവുമായി നൂറുകണക്കിന് ബന്ധുക്കളെത്തിയിരുന്നു. ചടങ്ങിന്റെ തുടക്കത്തിൽ മ്യൂസിയത്തിന് മുകളിൽക്കൂടി പറന്ന വിമാനം നടുക്കമേറിയ ഓർമകൾ തിരികെ കൊണ്ടുവന്നു. ആക്രമണത്തിന്റെ ഓരോ ഘട്ടവും സൂചിപ്പിക്കാൻ പല സമയത്തായി ആറു മിനിറ്റ് മൗനം ആചരിച്ചു. ആക്രമണശേഷം രാജ്യം പ്രകടിപ്പിച്ച ഐക്യവും ധൈര്യവുമാണ് ഏറ്റവും വലിയ പാഠമെന്ന് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ ബൈഡൻ പറഞ്ഞു.
അതിരാവിലെ ന്യൂയോർക്കിലെത്തിയ ബൈഡൻ, ഗ്രൗണ്ട് സീറോയിലെ ചടങ്ങിനുശേഷം യാത്രാ വിമാനങ്ങളിലൊന്ന് തകർന്നു വീണ പെൻസിൽവാനിയയിലെ ഷാങ്ക്സ്വിലെ സന്ദർശിച്ചു. വൈസ് പ്രസിഡന്റ് കമല ഹാരിസും ആക്രമണ സമയത്ത് പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യൂ ബുഷും ഷാങ്ക്സ്വിലെ ചടങ്ങുകളിൽ സംസാരിച്ചു. സൈനിക ആസ്ഥാനമായ പെന്റഗണിലെ ചടങ്ങിലും ബൈഡനും കമലയും പങ്കെടുത്തു.
വിവിധ ലോകനേതാക്കൾ ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കി. ഇരട്ട ഗോപുര ആക്രമണത്തിനുശേഷം അൽ ഖായ്ദയ്ക്കെതിരെ അഫ്ഗാനിസ്ഥാനിൽ കടന്നാക്രമണം നടത്തിയ അമേരിക്ക താലിബാന് ഭരണം തിരിച്ചുനലകി പിൻവാങ്ങി ഒരുമാസത്തിനകമാണ് ഇത്തവണത്തെ ഓർമ പുതുക്കൽ. ഭീകരവാദം കൂടുതൽ തീവ്രമായി തിരികെയെത്തുമെന്ന മുന്നറിയിപ്പുമുണ്ട്.