ലണ്ടൻ> വന്നു, കീഴടക്കി. ഓൾഡ് ട്രാഫോർഡിന്റെ രാജകുമാരൻ വീണ്ടും അവതരിച്ചു. 12 വർഷത്തിനുശേഷമുള്ള രണ്ടാംവരവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണെെറ്റഡിനെ ഉയർത്തി. എല്ലാം പഴയതുപോലെയെന്ന് പ്രഖ്യാപിച്ച് ന്യൂകാസിൽ യുണെെറ്റഡിനെതിരെ ഇരട്ടഗോളടിച്ച് പോർച്ചുഗീസുകാരൻ കളംവാണു. 12 വർഷവും 124 ദിവസത്തിനും ശേഷമാണ് റൊണാൾഡോ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിക്കുന്നത്. കളിയിൽ യുണെെറ്റഡ് 4–1ന് ജയിച്ചു. ബ്രൂണോ ഫെർണാണ്ടസും ജെസ്സെ ലിൻഗാർഡും പട്ടിക തികച്ചു.
യുവന്റസിൽനിന്ന് യുണെെറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ന്യൂകാസിലിനെതിരെ കളിക്കുമെന്നുറപ്പായിരുന്നു. ഒലേ ഗുണ്ണാർ സോൾചെയറിന്റെ സംഘത്തിൽ ആദ്യ പതിനൊന്നിൽത്തന്നെ മുപ്പത്താറുകാരൻ ഇടംപിടിച്ചു. നിറഞ്ഞുകവിഞ്ഞ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയം അലറിവിളിച്ചാണ് റൊണാൾഡോയെ വരവേറ്റത്. യുണെെറ്റഡിന്റെ ഇതിഹാസ പരിശീലകൻ അലെക്സ് ഫെർഗൂസണും തിരിച്ചുവരവിന് സാക്ഷിയായി സ്റ്റാൻഡിലുണ്ടായി.
കളത്തിൽ തുടക്കം റൊണാൾഡോയെയും യുണെെറ്റഡിനെയും ചെറുത്ത് ന്യൂകാസിൽ കരുത്തുകാട്ടി. ഭൂരിഭാഗം കളിക്കാരും പ്രതിരോധത്തിൽ അണിനിരന്നു. പഴുതടച്ചുള്ള പ്രതിരോധം യുണെെറ്റഡിനെ വിഷമിപ്പിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് റൊണാൾഡോ പൂട്ടുപൊട്ടിച്ചത്. മാസൺ ഗ്രീൻവുഡിനെ തടഞ്ഞ ന്യൂകാസിൽ ഗോളി ഫ്രെഡി വുഡ്മാന്റെ കെെയിൽനിന്ന് പന്ത് വഴുതി. അവസരത്തിനായി കാത്തുനിന്ന റൊണാൾഡോ വലയിലേക്ക് പന്തയച്ചു.
ഇടവേള കഴിഞ്ഞ് ന്യൂകാസിൽ കളി മാറ്റി. പ്രതിരോധംവിട്ട് ആക്രമണത്തിലേക്ക് അവർ ചുവടുമാറ്റിയതോടെ കളി ഒഴുകി. 56–ാംമിനിറ്റിൽ ഹാവിയർ മാൻക്വില്ലോ ന്യൂകാസിലിന് സമനില നൽകി. പക്ഷേ, റൊണാൾഡോ വിട്ടുകൊടുത്തില്ല. ആറ് മിനിറ്റിനിടെ യുണെെറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു. ലൂക്ക് ഷാ നൽകിയ പന്തുമായി കുതിച്ച മുന്നേറ്റക്കാരൻ ന്യൂകാസിൽ പ്രതിരോധത്തെ മറികടന്ന് പന്ത് തൊടുത്തു. ഓൾഡ് ട്രാഫോർഡ് ഇളകിമറിഞ്ഞു. കളിയുടെ കടിഞ്ഞാൺ വിടാതെ യുണെെറ്റഡ് മുന്നേറി. ഫെർണാണ്ടസും ലിൻഗാർഡും ജയം ഗംഭീരമാക്കി.
മറ്റ് കളികളിൽ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ ബെർണാർഡോ സിൽവയുടെ ഗോളിൽ വീഴ്ത്തി. ടോട്ടനത്തെ ക്രിസ്റ്റൽ പാലസ് തകർത്തു (3–0). അഴ്സണൽ നോർവിച്ച് സിറ്റിയെയും മറികടന്നു (1–0).