ന്യൂഡൽഹി
മുംബൈ സാക്കിനാക്ക മേഖലയിൽ ക്രൂരമായ ബലാത്സംഗത്തിനും ശാരീരിക പീഡനങ്ങൾക്കും ഇരയായ യുവതി മരിച്ചു. രാജാവാടി ആശുപത്രിയിൽ ശനിയാഴ്ചയാണ് മുപ്പത്തിരണ്ടുകാരി അന്ത്യശ്വാസം വലിച്ചത്. ദേശീയ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു. ഇരയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ട സാഹചര്യത്തിൽ സ്വമേധയാ നടപടികൾ തുടങ്ങിയതായി വനിതാ കമീഷൻ ചെയർപേഴ്സൻ രേഖ ശർമ പ്രതികരിച്ചു. കേസിൽ അടിയന്തരനടപടികൾ സ്വീകരിക്കണമെന്നും തൃപ്തികരമായി അന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് വനിതാ കമീഷൻ മഹാരാഷ്ട്ര ഡിജിപിക്ക് കത്ത് നൽകിയിരുന്നു.
വെള്ളി പുലർച്ചെയാണ് സാക്കിനാക്ക മേഖലയിലെ ഖയ്റാനി റോഡിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ രക്തം വാർന്നൊഴുകുന്ന നിലയിൽ കണ്ടെത്തിയത്. നിര്‍ത്തിയിട്ട മിനിലോറിക്കുള്ളിൽ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിലും മറ്റും ഇരുമ്പുദണ്ഡ് കുത്തി പരിക്കേൽപ്പിച്ചിരുന്നു. പ്രതി മോഹൻ ചവാനെ (45) അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.