ന്യൂഡൽഹി
രാജ്യത്ത് പ്രതിദിന വാക്സിൻ കുത്തിവയ്പ് വീണ്ടും മന്ദഗതിയിൽ. തിങ്കൾ 1.20 കോടി വരെയായ പ്രതിദിന കുത്തിവയ്പ് വെള്ളി 65.08 ലക്ഷമായി. 55 ലക്ഷത്തിന്റെ കുറവ്. ചൊവ്വ 81.88 ലക്ഷവും വ്യാഴം 70.48 ലക്ഷവുമായിരുന്നു. ജനുവരി 16ന് കോവിഡ് വാക്സിൻ കുത്തിവയ്പ് ആരംഭിച്ചശേഷം രണ്ടുദിവസം മാത്രമാണ് പ്രതിദിന കുത്തിവയ്പ് ഒരു കോടി കടന്നത്. മുമ്പ് ആഗസ്ത് 31ന് 1.41 കോടിയായിരുന്നു.
വെള്ളിവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് വാക്സിൻ കുത്തിവയ്പ് 73.06 കോടി ഡോസ് ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 വയസ്സിന് മുകളിലുള്ളവർക്ക് ഈവർഷം അവസാനത്തോടെ രണ്ടു ഡോസും നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. 111 ദിവസം മാത്രം ശേഷിക്കെ ദിവസവും കുത്തിവയ്പ് ഒരു കോടിയെങ്കിലുമാകണം. സംസ്ഥാനങ്ങൾക്ക് ഇതുവരെ 72.02 കോടി വാക്സിൻ നൽകിയതായി കേന്ദ്രം അറിയിച്ചു.