വണ്ടൂർ > വണ്ടൂരിൽ കുടുംബസ്വത്ത് വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പഴയവാണിയമ്പലം കൂറ്റഞ്ചേരി പരേതനായ നാരായണന്റെ മകൻ വിജേഷ് (37) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. വിജേഷിന്റെ അമ്മാവന്റെ മകൻ ഓമാനി മനോജാണ് കുത്തിയത്. തുടർന്ന് ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു . പഴയവാണിയമ്പലത്തുള്ള മനോജിന്റെ അച്ഛന്റെ തറവാട് സ്ഥലം വീതം വെക്കുവാൻ ശനിയാഴ്ച രാവിലെ ചർച്ച നടന്നിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ഒത്തുതീർപ്പിലെത്തുകയും ചെയ്തു. പിന്നീട് വൈകുന്നേരം വീണ്ടും ഇതിനെക്കുറിച്ച് വാക്കേറ്റം ഉണ്ടാവുകയും മനോജ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിന്റെ വയറിന് കുത്തുകയുമായിരുന്നു. തുടർന്ന് വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലേക്കും അവിടെ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവ ശേഷം മനോജ് ബന്ധുക്കൾക്ക് നേരെ കത്തി വിശി ബൈക്കിൽ കയറി രക്ഷപ്പെടുകയാണുണ്ടായത്. അഖിലയാണ് മരിച്ച വിജേഷിന്റെ ഭാര്യ. മക്കൾ: അവന്തിക, അശ്വാനന്ദ്, 6 മാസമായ പെൺകുട്ടി അനന്ദിക. വിജേഷ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.