ആലപ്പുഴ > ആലപ്പുഴ ഡിസിസി പ്രസിഡന്റായി ബി ബാബുപ്രസാദ് ചുമതലയേൽക്കുന്ന ചടങ്ങിനിടെ ചെന്നിത്തലയ്ക്ക് കൊടിക്കുന്നിലിന്റെ ‘ക്ലാസ്’. കോൺഗ്രസിൽ ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെയ്പ് അവസാനിച്ചെന്നും പുതിയ ശൈലിക്ക് തുടക്കമായന്നും ചെന്നിത്തലയെ അടുത്തിരുത്തി കൊടിക്കുന്നിൽ തുറന്നടിച്ചു. പുതിയ ഡിസിസി പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച ശിൽപശാലയിലെ തീരുമാനങ്ങളെന്ന പേരിലായിരുന്നു കെപിസിസി വർക്കിങ് പ്രസിഡന്റും സുധാകരപക്ഷക്കാരനുമായ കൊടിക്കുന്നിലിന്റെ സംസാരമത്രയും.
എ, ഐ ഗ്രൂപ്പുകളെ എല്ലാക്കാലത്തും തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാൻ ഈ കഴിയില്ലന്ന സൂചന വാക്കുകളിൽ മുഴച്ചുനിന്നു. പാർട്ടിക്ക് രക്ഷപെടണമെങ്കിൽ നിലവിലുള്ള ഗ്രൂപ്പ് അതിപ്രസരം അവസാനിപ്പിച്ചേ പറ്റൂവെന്ന് കൊടിക്കുന്നിൽ ഓർമിപ്പിച്ചു. പ്രസംഗം പകുതി പിന്നിട്ടതോടെയാണ് ചെന്നിത്തല ഇരിപ്പടം വിട്ടിറങ്ങിയത്. സംസാരി്ച്ചുകൊണ്ടിരുന്ന വർക്കിങ് പ്രസിഡന്റിനെ കൈ കൊണ്ട് അഭിവാദ്യം ചെയ്തു വേദിയിൽ നിന്ന് പുറത്തേയ്ക്ക്. ചെന്നിത്തല ഹാൾ വിടും മുമ്പ് അടുത്തവെടിയും കൊടിക്കുന്നിൽ പൊട്ടിച്ചു. പാർട്ടിക്ക് അതീതനാകാൻ ശ്രമിച്ചാൽ ഏതു വലിയ നേതാവായാലും നടപടിയുണ്ടാകുമെന്നായിരുന്നു വാക്കുകൾ. വിവാഹത്തിൽ പങ്കെടുക്കാനാണ് ചെന്നിത്തല വേദി വിട്ടതെന്ന് നേതാക്കാൾ പറയുന്നുണ്ടങ്കിലും കൊടിക്കുന്നിലിന്റെ മുനവെച്ചുള്ള വാക്കുകളാണ് വാക്ക്ഔട്ടിന് പിന്നിലുള്ളതെന്ന് വ്യക്തം.
ഉദ്ഘാടന പ്രസംഗത്തിൽ എല്ലാവരും ഒരുമിച്ചു നീങ്ങണമെന്നും ഭിന്നതകൾ മറക്കണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സുധാകര – വേണുഗോപാൽ പക്ഷത്തിന് ചെന്നിത്തല കീഴടങ്ങുന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ പലരും കാണുന്നത്. പതിനാല് ഡിസിസി പ്രസിഡന്റുമാരിൽ സ്വന്തം തട്ടകമായ ആലപ്പുഴയിലൊഴികെ മറ്റെവിടെയും ഐ ഗ്രൂപ്പിന് പദവി ലഭിച്ചിരുന്നില്ല. വേണുഗോപാൽ പക്ഷക്കാരാനയ കെ പി ശ്രീകുമാറിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉയർന്നുവന്നെങ്കിലും കൂടുതൽ അപമാനിക്കാതെ ഹൈക്കമാൻഡ് ചെന്നിത്തലയ്ക്കൊപ്പം നിന്നതോടെയാണ് ബാബുപ്രസാദിന് നറുക്കുവീണത്.