ആലപ്പുഴ > വർഗീയമായി ചേരിതിരിയ്ക്കുന്ന നിലപാട് എവിടെയും പാടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദപ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു വിഭാഗം ഇത്തരം പ്രസ്താവന നടത്തിയാൽ മറ്റൊരു വിഭാഗം എതിർ പ്രസ്താവന നടത്തുന്ന സാഹചര്യമുണ്ടാകും. അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശലയ്ക്ക് സിലബസിന്റെ കാര്യത്തിൽ പ്രത്യക്ഷത്തിൽ തെറ്റുപറ്റിയെന്നും അത് തിരുത്തുകയാണ് വേണ്ടത്. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങളാണ്. അവ സർക്കാർ തീരുമാനമനുസരിച്ച് പ്രവർത്തിക്കുന്നവയല്ല. ഇക്കാര്യത്തിലുള്ള സിപിഐ എം നിലപാട് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തിലും അനന്തര ചരിത്രത്തിലും മതനിരപേക്ഷതയ്ക്കു സമാന്തരമായി വർഗീയത സമീപനത്തിന്റെ ധാരയുമുണ്ടായിട്ടുണ്ട്. നാം മതനിരപേക്ഷതയ്ക്കുവേണ്ടിയാണ് നിലകൊള്ളേണ്ടത്. തീവ്ര വർഗീയത ശക്തിപ്പെടുന്നതിന് എതിരായ ജാഗ്രത എല്ലായിടത്തും വേണം. ഒരിടത്തും കുറയാൻ പാടില്ല.
പിഎസ്സി നിയമനം വഴി ഉദ്യോഗസ്ഥരെ നിയമിക്കുംപോലെയാണ് ഡിസിസി പ്രസിഡന്റ് നിയമനം നടന്നത്. ഉൾപ്പാർട്ടി ജനാധിപത്യത്തിനു വേണ്ടിയല്ല, ഗ്രൂപ്പി്നെ ശക്തമാക്കാനുള്ള സംഘർഷമാണ് കോൺഗ്രസിൽ. ഗ്രൂപ്പ് സമവാക്യത്തിന് കൂടുതൽ ആളുകളെ നിയമിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. എങ്ങനെയാണ് നിയമനമെന്ന് ഇപ്പോഴും അറിയില്ല. പഞ്ചായത്തിലേക്കും സഹകരണബാങ്കിലേക്കും അംഗങ്ങൾക്ക് തെരഞ്ഞെടുക്കപ്പെടാൻ കോൺഗ്രസ് നിശ്ചിത കാലാവധി തീരുമാനിച്ചെങ്കിലും ലോകസഭയിലെയും നിയമസഭയിലും അതില്ല. അവിടെയുള്ള ഗ്രൂപ്പ് നേതാക്കൾക്ക് ആജീവനാന്തം തുടരാം.
പൊതു ആസ്തി വിൽക്കുന്നതിനും ത്രിപുരയിലേതുപോലുള്ള ബിജെപി ആക്രമണങ്ങൾക്കും ഫാസിസ്റ്റുവൽക്കരണത്തിനും കോൺഗ്രസിന് എതിർപ്പില്ല. അവരുടെ മുഖ്യശത്രു പിണറായിയും എൽഡിഎഫ് സർക്കാരുമാണ്. സിപിഐ എം സമ്മേളനങ്ങളിൽ വനിതകൾ, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവർക്ക് കമ്മിറ്റികളിൽ കൂടുതൽ പരിഗണന നൽകും. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ത്രീപക്ഷ സമീപനം പ്രധാനമാണ്.
സിപിഐ എം നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചതുകൊണ്ടും സിപിഐ എമ്മിൽ ജനങ്ങളിൽ വിശ്വാസ്യത അർപ്പിച്ചതുകൊണ്ടുമാണ് കേരളത്തിലെ ഭൂരിപക്ഷം സഹകരണബാങ്കുകളും മികച്ച നിലയിലായത്. പിശകുകൾ വന്നാൽ തിരുത്തുകയാണ് പാർട്ടി ചെയ്യുക. ഒറ്റപ്പെട്ട സംഭവങ്ങൾ കാട്ടി കേരളത്തിലെ സഹകരണ മേഖലയെ തകർക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ആർ നാസറും പങ്കെടുത്തു.