ന്യൂഡൽഹി:സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ്ലൈനായി നടത്താൻ അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കമ്പ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ്, എന്നിവ ഇല്ലാത്ത വിദ്യാർത്ഥികൾ ഓൺലൈനായി നടത്തുന്ന പരീക്ഷ എഴുതിയേക്കില്ല. മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കാൻ കഴിയില്ല. ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷാണ് സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽചെയ്തത്. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്നതിലെ ബുദ്ധിമുട്ടുംകമ്പ്യൂട്ടർ ഇല്ലാത്തതുംമൂലം പല കുട്ടികളും പരീക്ഷയിൽ നിന്ന് പുറത്താകുമെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഫ്ലൈൻ ആയി പരീക്ഷ നടത്തുന്നതുകൊണ്ട് ചോദ്യപേപ്പർ ചോർച്ച ഉണ്ടാകുന്നത് തടയാൻ കഴിയും. മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ മാർക്ക് നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ല. വീടുകളിൽ ഇരുന്നാണ് രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾ മോഡൽ പരീക്ഷ എഴുതിയത്. എന്നാൽ ഓഫ്ലൈൻ ആയി പരീക്ഷ നടത്തുമ്പോൾ അധ്യാപകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതുന്നത് എന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
സിബിഎസ്ഇ, ഐസിഎസ്ഇ മൂല്യനിർണ്ണയത്തിൽ നിന്ന് വ്യത്യസ്തമാണ് കേരളത്തിൽ മാർക്ക് കണക്കാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിൽ പ്രവേശന യോഗ്യത കണക്കാക്കാൻ പ്ലസ് വൺ പരീക്ഷ മാർക്ക് പ്ലസ് ടു പരീക്ഷ മാർക്കിന് ഒപ്പം കൂട്ടുമെന്നും കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ തോറ്റ വിദ്യാർത്ഥികൾക്ക് വിജയിക്കണമെങ്കിൽ പരാജയപ്പെട്ട വിഷയത്തിലെ പ്ലസ് ടു, പ്ലസ് വൺ പരീക്ഷ വിജയിക്കേണ്ടതുണ്ട്. പരീക്ഷ ഓഫ്ലൈൻ ആയി നടത്തിയില്ലെങ്കിൽ തോറ്റ വിദ്യാർത്ഥികൾക്ക് നികത്താനാകാത്ത നഷ്ടം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
ജൂലൈയിൽ സാങ്കേതിക സർവ്വകലാശാലയിലെ ബിടെക് പരീക്ഷ ഓഫ്ലൈനായി നടത്തിയിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ ഈ പരീക്ഷ എഴുതിയിരുന്നു. ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യവുമായി ഓഫ്ലൈനായി നടത്തിയ JEE മെയിൻ പരീക്ഷ ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികളാണ് എഴുതിയത്. ഇതേ രീതിയിൽ പ്ലസ് വൺ പരീക്ഷയും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഓഫ്ലൈനായി നടത്താം എന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.
ഏപ്രിലിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ കേരളം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയിരുന്നു. പ്ലസ് ടു പരീക്ഷയ്ക്ക് ഒപ്പമായിരുന്നു പ്ലസ് വൺ പരീക്ഷ നടത്തേണ്ടിയിരുന്നത്. എന്നാൽ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള ക്രമീകരണങ്ങൾ ഉണ്ടായിരുന്നതിനാലാണ് പരീക്ഷകൾ ഒരുമിച്ച് നടത്താൻ കഴിയാതിരുന്നതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ സത്യവാങ് മൂലം ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് 13ന് പരിഗണിക്കും.
Content Highlights:Plus One exam should be allowed to be conducted offline -Kerala government approaches Supreme Court