വാഷിങ്ടണ്
ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് അമേരിക്കയില് നടക്കുന്ന ഓൺലൈൻ സമ്മേളനത്തിനെതിരെ അവിടത്തെ സംഘപരിവാർ സംഘടന. സമ്മേളനം ഹിന്ദുഫോബിയ വർധിപ്പിക്കുമെന്നും ഹിന്ദുക്കള്ക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഹിന്ദു സ്വയംസേവക സംഘം (എച്ച്എസ്എസ്) പ്രസ്താവനയിൽ ആരോപിച്ചു.
എന്നാല്, സമ്മേളനം ബഹുസ്വരവും വൈവിധ്യപൂർണവും പുരാതനവുമായ ഹൈന്ദവ വിശ്വാസത്തിന് എതിരായുള്ളതല്ലെന്നും ജർമൻ, ഇറ്റാലിയൻ ഫാസിസത്തിൽനിന്ന് പ്രചോദനം ഉള്ക്കൊണ്ടുകൊണ്ടുള്ള ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെക്കുറിച്ച് ചര്ച്ച ചെയ്യാനാണെന്നും സംഘാടകര് വ്യക്തമാക്കി. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഞായറാഴ്ച സമാപിക്കും. സമ്മേളനത്തിന് ഒരുക്കം തുടങ്ങിയതുമുതല് യുഎസിലെ ആര്എസ്എസ് അനുകൂല സംഘടനകള് എതിർപ്രചാരണം ആരംഭിച്ചു.
എന്നാൽ 900ലധികം അക്കാദമിക് വിദഗ്ധരും ബുദ്ധിജീവികളും നിരവധി പ്രവാസി സംഘടനകളും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സമ്മേളനത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂഡിത് ബട്ലർ, ആഞ്ചല ഡേവിസ്, കോർണൽ വെസ്റ്റ്, അമിതാവ് ഘോഷ്, പാർഥ ചാറ്റർജി, അർജുൻ അപ്പാദുരൈ, ഷെൽഡൻ പൊള്ളോക്ക്, അരുന്ധതി റോയ് തുടങ്ങിയവർ പിന്തുണയ്ക്കുന്നു.