കാബൂൾ
അഫ്ഗാനിസ്ഥാനിൽ പുരുഷന്മാർമാത്രമുള്ള ഇടക്കാല സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ, മന്ത്രിപ്പണി സ്ത്രീകൾക്ക് പറ്റിയതല്ലെന്ന പ്രസ്താവനയുമായി താലിബാൻ. ടോളോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താക്കളിൽ ഒരാളായ സെയ്ദ് സെക്രുള്ള ഹാഷിമിയാണ് വിവാദ പ്രസ്താവന നടത്തിയത്.
‘സ്ത്രീകളെ മന്ത്രിയാക്കുന്നത് അവരുടെ കഴുത്തിൽ താങ്ങാനാകാത്ത ഭാരം വച്ചുകൊടുക്കുന്നതിനു സമാനമാണ്. മന്ത്രിസഭയിൽ സ്ത്രീകൾ ആവശ്യമില്ല. അവർ അമ്മമാരാകുകയാണ് വേണ്ടത്. പ്രതിഷേധിക്കുന്നവർ രാജ്യത്തെ എല്ലാ സ്ത്രീകളുടെയും പ്രതിനിധികളല്ല. 20 വർഷത്തിനിടയിൽ അമേരിക്കയും അഫ്ഗാനിലെ ‘പാവ സർക്കാരും’ സ്ത്രീകളുടെ അവകാശമെന്ന പേരിൽ നടത്തിയത് മാംസക്കച്ചവടംമാത്രമാണ്. ആ തൊഴിലിൽ ഏർപ്പെട്ടിരുന്നവരാണ് തെരുവിൽ പ്രതിഷേധിക്കുന്നത്. പുതു തലമുറയ്ക്ക് ജന്മം നൽകുകയും അവരെ ഇസ്ലാമികമൂല്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് യഥാർഥ അഫ്ഗാൻ സ്ത്രീകൾ’–- ഹാഷിമി പറഞ്ഞു.
മുൻകാലത്തേതുപോലെ സ്ത്രീകളെ ഇരയാക്കില്ലെന്നും അവരെ ‘ഇസ്ലാമിക നിയമത്തിന്’ അനുസൃതമായ രീതിയിൽ സർക്കാരിന്റെ ഭാഗമാക്കുമെന്നുമാണ് താലിബാൻ മുമ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിനെ അപ്പാടെ നിരാകരിക്കുന്നതാണ് വക്താവിന്റെ പ്രസ്താവന. കാബൂളിൽ സ്ത്രീകൾ നടത്തിയ പ്രതിഷേധം താലിബാൻ അടിച്ചമർത്തിയിരുന്നു. പ്രതിഷേധങ്ങൾക്ക് മുൻകൂർ അനുമതി വേണമെന്ന നിയമവും കൊണ്ടുവന്നു.
സാലിഹിന്റെ സഹോദരനെ വധിച്ചു
അഫ്ഗാനിസ്ഥാൻ മുൻ വൈസ് പ്രസിഡന്റും പഞ്ച്ശീറിലെ വടക്കൻ സഖ്യത്തിന്റെ പ്രധാന നേതാക്കളിൽ ഒരാളുമായിരുന്ന അമറുള്ള സാലിഹിന്റെ സഹോദരനെ താലിബാൻ വധിച്ചു. റോഹുള്ള അസീസിയെ താലിബാൻ വ്യാഴാഴ്ച വധിച്ചതായും മൃതദേഹം ഖബറടക്കാൻ സമ്മതിക്കുന്നില്ലെന്നും അനന്തരവൻ ഇബാദുള്ള സാലിഹ് ആരോപിച്ചു. റോഹുള്ള പഞ്ച്ശീർ പോരാട്ടത്തിനിടെ കൊല്ലപ്പെട്ടതായി മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു.