കൊച്ചി
കോവിഡ് നിയന്ത്രണപ്പൂട്ട് രാജ്യത്തെ അച്ചടിമാധ്യമങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ചെന്നും അതിലൂടെ ലഭ്യമാകുന്ന വിവരങ്ങൾക്കാണ് വായനക്കാർക്കിടയിൽ കൂടുതൽ വിശ്വാസ്യതയെന്നും സർവേ റിപ്പോർട്ട്. അച്ചടിമാധ്യമങ്ങളുടെ സ്വാധീനം, വായനക്കാരുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ഹവാസ് മീഡിയ ഗ്രൂപ്പ് നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ.
മഹാമാരിക്കാലത്ത് ബ്രാൻഡുകൾക്കും മാർക്കറ്റിങ് സ്ഥാപനങ്ങൾക്കും ഏറ്റവും വിശ്വസനീയമായ വിവരസ്രോതസ്സായി അച്ചടിമാധ്യമങ്ങൾ മാറിയെന്നും റിപ്പോർട്ട് പറയുന്നു.
കോവിഡ് കാലത്ത് 41–-50 വയസ്സിനിടയിലുള്ളവർ അച്ചടിമാധ്യമ വായനയ്ക്കായി ചെലവിടുന്ന സമയം വർധിച്ചു. ദക്ഷിണേന്ത്യയിലെ 60 ശതമാനം വായനക്കാർ അച്ചടിമാധ്യമത്തെ കൂടുതൽ അറിവ് നേടാനുള്ള മാർഗമായി കാണുന്നു. പൊതുവാർത്തകൾക്കുപുറമെ ശാസ്ത്രം, സാങ്കേതികവിദ്യ, അന്താരാഷ്ട്ര വിവരങ്ങൾ, ആരോഗ്യം തുടങ്ങിയവയാണ് ആളുകൾ കൂടുതലായി വായിക്കുന്നത്. പരസ്യങ്ങൾ അച്ചടിമാധ്യമങ്ങളിൽ വരുമ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. വായനക്കാരിൽ 90 ശതമാനംപേരും പരസ്യങ്ങൾ ശ്രദ്ധിക്കുന്നു. ഇത് ബ്രാൻഡ് മുൻഗണന വർധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.
ആദ്യ കാർ വാങ്ങാൻ വിചാരിക്കുന്ന 55 ശതമാനംപേരും ഏതു കമ്പനിയുടേത് വേണമെന്ന് തീരുമാനിക്കുന്നത് അച്ചടിമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണെന്നും സർവേ പറയുന്നു. കോവിഡ് കാലത്ത് അച്ചടിമാധ്യമങ്ങൾ നിർണായകശക്തിയും ബ്രാൻഡ് ധാരണകളെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും വിശ്വസ്ത ഉറവിടവുമായെന്ന് ഹവാസ് മീഡിയ ഗ്രൂപ്പ് ഇന്ത്യയുടെ സ്ട്രാറ്റജി ഹെഡ് സഞ്ചിത റോയ് പറഞ്ഞു.