തിരുവനന്തപുരം > ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പ്രസ്താവനകൾ നടത്തുമ്പോള്
മതപരമായ ചേരിതിരിവുകൾ സമൂഹത്തിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നാർക്കോട്ടിക് ജിഹാദ് എന്നത് ആദ്യമായി കേൾക്കുന്നതാണ്. അങ്ങനൊരു പദം നേരത്തെ കേട്ടിരുന്നില്ല. നാർകോട്ടിക്സിന്റെ പ്രശ്നം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണ്. അതിൽ എല്ലാവരും ഉത്കണ്ഠാകുലരാണ്. കഴിയുന്ന നിലയിൽ അതിനെ നേരിടുന്നുണ്ട്. അതിനെതിരെ നിയമനടപടികൾ ശക്തിപ്പെടുത്തുന്നുണ്ട്.
നാർകോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറമുണ്ടെന്ന് കാണരുത്. അതിനുള്ള നിറം സാമൂഹ്യ വിരുദ്ധതയുടേതാണ്. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. സാധാരണ നിലയിൽ ആ ഒരു നിലപാടാണ് എടുക്കേണ്ടത്. എന്നാൽ മാർ ജോസഫ് കല്ലറങ്ങാട്ട് എന്താണ് ഉദേശിച്ചതെന്നും പറയാനുണ്ടായ സാഹചര്യം എന്താണെന്നും വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.