തീവ്രവാദം അനിയന്ത്രിതമായി തുടരുന്നതിനാൽ നമ്മുടെ യുവാക്കളെയും യുവതികളെയും മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം. ലൗ ജിഹാദിലും ലഹരിമരുന്ന് ജിഹാദുമടക്കമുള്ള കുരുക്കുകളിൽ നമ്മുടെ കുങ്ങുങ്ങൾ വന്ന് വീഴാതിരിക്കാൻ മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ചെറുപ്പം മുതൽ ഇക്കാര്യത്തിൽ ശ്രദ്ധ ഉണ്ടാകണമെന്ന് അഭർഥിക്കുകയാണെന്നും ഇരിങ്ങാലക്കുട ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികൾ വേണമെന്നും ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഇതിന് പ്രോത്സാഹനം നൽകുന്നതിനാണ് പ്രോ ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. യുവാക്കളായ ദമ്പതികളാണ് ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതെന്നും വെള്ളിയാഴ്ച രാവിലെ പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ബിഷപ്പ് പറഞ്ഞു.
ലൗ ജിഹാദിലും ലഹരിമരുന്ന് ജിഹാദുമടക്കമുള്ള വിഷയങ്ങളിൽ ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ നടത്തിയ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ സഭയുടെ നിലപാടിനെ അനുകൂലിക്കുന്നവർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പാലാ ബിഷപ്പിനെ പിന്തുണച്ച് കൂടുതൽ പേർ രംഗത്ത് എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. പിന്തുണ കൂടി വരുന്നതിനാൽ പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ടിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട എന്ന നിലപാടാണ് ഈ ഗ്രൂപ്പുകൾ സ്വീകരിക്കുന്നത്. വാട്ട്സാപ്പ് ഗ്രൂപ്പുകൾക്ക് പുറമേ ഫേസ്ബുക്ക് പേജുകളിലും സമാനമായ ആശയം ചർച്ചയാകുന്നുണ്ട്.
അതേസമയം, കേരളത്തിലെ കത്തോലിക്ക പെൺകുട്ടികളെയും യുവാക്കളെയും ലക്ഷ്യമാക്കി ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീം കോർഡിനേഷൻ കമ്മിറ്റി രംഗത്തുവന്നു. പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തിയ ഇവരെ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു. ബിഷപ്പിൻ്റെ പ്രസ്താവന സാമുദായിക ഐക്യം തകർക്കുമെന്നും മതേതര സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്നും കാണി മുസ്ലീം ഐക്യവേദി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. മറ്റ് ജില്ലകളിലും പോലീസിൽ പരാതി നൽകുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളുമായി മുസ്ലീം സംഘടനകൾ രംഗത്തുന്നുണ്ട്.
വിവാദ പ്രസ്താവനയിൽ പാലാ ബിഷപ്പിനെതിരെ വികാരം ശക്തമായതോടെ പിന്തുണയുമായി ബിജെപി രംഗത്തുണ്ട്. സത്യം പറയുന്ന ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.
ആയുധം ഉപയോഗിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ ലൗ ജിഹാദിനും നാർക്കോട്ടിക് ജിഹാദും ഉപയോഗിക്കുന്ന അവസ്ഥയാണുള്ളതെന്നാണ് പാലാ ബിഷപ്പ് പറഞ്ഞത്. “കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ ഗൂഢനീക്കം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണം. ഇതര മതസ്ഥരായ യുവതികൾ ഇസ്ലാമിക് സ്റ്റേട് (ഐഎസ്) ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ ലഹരിമരുന്ന് ഉപയോഗം വർധിപ്പിക്കാൻ പ്രത്യേക ശ്രമം നടക്കുന്നുണ്ട്. യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി അവരുടെ ജീവിതം നശിപ്പിച്ച് കളയുന്ന രീതിയെ ആണ് നാർക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദ് എന്ന് പറയുന്നത്. വർധിച്ച് വരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നത്” – എന്നുമാണ് പറഞ്ഞത്.