കൊണാക്രി > പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയില് ആൽഫ കോണ്ടെയുടെ നേതൃത്വത്തിലുള്ള മുന് സര്ക്കാര് തടവിലാക്കിയ രാഷ്ട്രീയത്തടവുകാരെ മോചിപ്പിച്ച് സൈനിക ഭരണകൂടം. സുരക്ഷാ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ, ആയുധങ്ങൾ നിർമിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള എണ്പതോളം പേരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ മൂന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ കോണ്ടെയോട് മത്സരിച്ച് പരാജയപ്പെട്ട സെലോ ഡാലീൻ ഡിയല്ലോയുടെ നേതൃത്വത്തിലുള്ള യൂണിയൻ ഓഫ് ഡെമോക്രാറ്റിക് ഫോഴ്സ് ഓഫ് ഗിനിയിൽനിന്നുള്ള പ്രവർത്തകരാണ് ഇതില് ഭൂരിഭാഗവും. ശനിയാഴ്ച രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന റാലിയിലേക്ക് സൈന്യം ഇവരെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
അട്ടിമറിയിലൂടെ പുറത്താക്കിയ പ്രസിഡന്റിനെ മോചിപ്പിക്കാനും ജനാധിപത്യ ഭരണം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സമ്മർദം ശക്തമാകുന്നതിനിടെയുള്ള സൈന്യത്തിന്റെ ഈ നീക്കം പ്രതിപക്ഷ പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെയാണ്. പുതിയ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നിയമവാഴ്ച വേഗത്തിൽ പുനഃസ്ഥാപിക്കാൻ സൈനിക നേതൃത്വത്തോട് പ്രതിപക്ഷവും ആവശ്യപ്പെട്ടു.
ഞായറാഴ്ചയാണ് ഗിനിയിൽ പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത കോണ്ടെ വൈദ്യസഹായം ലഭിക്കുന്ന സുരക്ഷിതമായ സ്ഥലത്താണെന്നുമാത്രമേ സൈന്യം വ്യക്തമാക്കിയിട്ടുള്ളൂ. അഴിമതിയും ദാരിദ്ര്യവും രൂക്ഷമായ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനായി ഭരണം പിടിച്ചെന്നാണ് സൈനിക നേതൃത്വം പറയുന്നത്.