പോലീസ് ആവശ്യപ്പെട്ടത് പ്രകാരം കോഴിക്കോട് ചെങ്ങമനാട് സ്റ്റേഷനിൽ ഉച്ചയ്ക്ക് ഒന്നരയോടെ എത്തുകയായിരുന്നു. മൊഴി നൽകാനും വിശദാംശങ്ങള്‍ ചോദിച്ചറിയാനും വിളിപ്പിച്ചുവെന്നാണ് ചോദ്യം ചെയ്യുന്നതിന് തൊട്ടുമുൻപ് നവാസ് മാധ്യമങ്ങളോട് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഐപിസി 354 (എ) വകുപ്പ് ചുമത്തിയാണ് നവാസിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റമാണ് നവാസിന് മേൽ ചുമത്തിയിരിക്കുന്നത്. ഈ കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ ആളുകളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും തെളിവ് ശേഖരിക്കുകയും ചെയ്തു.
നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി കാണുമെന്ന് ജാമ്യത്തിൽ പുറത്തുവന്ന നവാസ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനം ഒഴിയാൻ പാണക്കാട് നിന്നും ആവശ്യപ്പെട്ടാൽ എത്രയും വേഗം തന്നെ അത് ഒഴിയുമെന്നും നവാസ് പറഞ്ഞു. ഇതിന് പിന്നിൽ ബാഹ്യശക്തികള്‍ ഉണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കട്ടെ എന്നും നവാസ് മാധ്യമങ്ങളോട് പറഞ്ഞു.
നവാസിനോപ്പം എം എസ് എഫ് സംസ്ഥാന ട്രഷറര്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവരും സ്റ്റേഷനിലേക്ക് എത്തിയിരുന്നു. നേരത്തെ ഹരിതയിലെ പച്ച് അംഗങ്ങള്‍ ലൈംഗിക അധിക്ഷേപ പരാതി വനിതാ കമ്മീഷന് നൽകിയിരുന്നു. പിന്നീട് ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു.
അതേസമയം, പരാതി ഉന്നയിച്ച ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട മുസ്ലീം ലീഗ് നേതൃത്വത്തിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉണ്ടായിട്ടുണ്ട്. എംഎസ്എഫിന്റെ തന്നെ ഒരു വിഭാഗം ഇതിൽ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടെന്നാണ് ഇന്നലെ മനോരമ റിപ്പോര്‍ട്ട് ചെയ്തത്.
ആരോപണ വിധേയരായ ആളുകള്‍ക്കെതിരെ നടപടി എടുക്കാതെ പരാതിക്കാര്‍ക്കെതിരെ നടപടിയെടുത്തത് പാര്‍ട്ടിയുടെ മുഖം വികൃതമാക്കുമെന്നാണ് അഭിപ്രായം ഉണ്ടായിരിക്കുന്നത്. വിഷയത്തിൽ മാതൃകാപരമായ നടപടിയായിരുന്നു ഉണ്ടാവേണ്ടിയിരുന്നത് എന്നും എംഎസ്എഫ് നേതാക്കള്‍ വാദിക്കുന്നു.