ലണ്ടൻ
ട്രാക്കിലേക്ക് മടങ്ങിവരാൻ കൊതിച്ചിരുന്നെന്ന് ജമെെക്കൻ സ്പ്രിന്റ് ഇതിഹാസം യുസെെൻ ബോൾട്ട്. ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബോൾട്ട് മനസ്സുതുറന്നത്.
‘2019ലായിരുന്നു അത്. ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു. പരിശീലകൻ ഗ്ലെൻ മിൽസിനോട് പറഞ്ഞപ്പോൾ അദ്ദേഹം അനുകൂലമായി പ്രതികരിച്ചില്ല. അതോടെ അവസാനിപ്പിച്ചു. എന്റെ കോച്ചിൽ ഞാൻ വിശ്വസിക്കുന്നു. മിൽസ് വേണ്ട എന്നുപറഞ്ഞാൽ മറിച്ചൊന്നും ഞാൻ ചെയ്യില്ല’–ബോൾട്ട് പറഞ്ഞു.
2017ൽ വിരമിക്കൽ തീരുമാനം അറിയിക്കുമ്പോൾ ഇനിയൊരു തിരിച്ചുവരവിന് ആവശ്യപ്പെടരുതെന്ന് പരിശീലകൻ പറഞ്ഞിരുന്നതായും മുപ്പത്തഞ്ചുകാരൻ ഓർമിച്ചു. എട്ടുവട്ടം ഒളിമ്പിക് ചാമ്പ്യനായ ബോൾട്ടിന്റെ പേരിലാണ് 100, 200, 4–100 മീറ്റർ റിലേ ലോകറെക്കോഡുകൾ.
കടുത്ത മാഞ്ചസ്റ്റർ യുണെെറ്റഡ് ആരാധകനായ ബോൾട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മടങ്ങിവരവിലെ സന്തോഷവും പ്രകടിപ്പിച്ചു. റൊണാൾഡോ ഒരു യന്ത്രമനുഷ്യനാണ് എന്നായിരുന്നു ബോൾട്ടിന്റെ പ്രതികരണം.