കാബൂൾ
മുൻ സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചവരും നാടുവിട്ട് പോയവരുമായ ഉദ്യോഗസ്ഥരോട് തിരികെ വരാൻ ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇടക്കാല സർക്കാരിൽ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട മുല്ല മുഹമ്മദ് ഹസൻ അഖുന്ദ്. തിരികെ എത്തുന്നവർക്ക് പൂർണസുരക്ഷയുണ്ടാകും. രക്തച്ചൊരിച്ചിലിന്റെ നാളുകൾ അവസാനിച്ചെന്നും രാഷ്ട്രത്തെ പുനർനിർമിക്കുകയെന്ന ഭീമമായ ദൗത്യമാണ് മുന്നിലുള്ളതെന്നും മുല്ല ഹസൻ പറഞ്ഞു.
പുതിയ സർക്കാരിനെ താലിബാൻ പരമോന്നത നേതാവ് മുല്ല ഹൈബത്തുള്ള അഖുന്ദ്സാദ നയിക്കുമെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ സ്ഥാനമെന്തായിരിക്കുമെന്ന് വ്യക്തമായിട്ടില്ല. അമേരിക്കയിലെ 9/11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികമായ ശനിയാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.