കർണാൽ > ഹരിയാനയില്‍ സർക്കാരിന്റെയും പൊലീസിന്റെയും അടിച്ചമർത്തലിന് എതിരെ ശക്തമായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ച് വി ശിവദാസൻ എംപി. കർണാല്‍ മിനി സെക്രട്ടറിയറ്റ് ഉപരോധിക്കുന്ന കർഷകരെ സന്ദർശിച്ച അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറികൂടിയായ ശിവദാസൻ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു.
ഭഗത്സിങ്ങിന്റെ പോരാട്ടവീര്യം ഉൾക്കൊള്ളുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കർഷകര്‍ കീഴടങ്ങിയ ചരിത്രമില്ലെന്ന് ശിവദാസൻ പറഞ്ഞു. കർഷകരുടെ ശരീരങ്ങളിലെ പരിക്കുകൾ രാജ്യത്തിന്റെ ശരീരത്തിനേറ്റ പരിക്കുകളാണ്. പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ് മരിച്ച കർഷകൻ സുശീൽ കാജളിന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം അമ്മ മൂർത്തിയെയും ഭാര്യ സുദേശ്ദേവിയെയും ആശ്വസിപ്പിച്ചു.