ആലപ്പുഴ: അവയവദാനത്തിന്റെ മഹത്തായ സന്ദേശം മറയാക്കി തീരദേശ ജനതയെ ചൂഷണം ചെയ്ത് വൻ റാക്കറ്റ്. തീരദേശ മേഖലയിലെ പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് വൃക്ക റാക്കറ്റ് പ്രവർത്തിക്കുന്നത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരുവാർഡിൽനിന്ന് മാത്രം 19 പേർ ഇത്തരത്തിൽ വൃക്ക ദാനം ചെയ്തതായി മാതൃഭൂമി ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി.
2018 ഏപ്രിൽ 28 മുതൽ 2021 ഫെബ്രുവരി രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ രണ്ട് വാർഡുകളിൽനിന്ന് 21 പേരാണ് വൃക്ക ദാനം ചെയ്തത്. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണമാണ് തീരമേഖല കേന്ദ്രീകരിച്ച് അവയവ റാക്കറ്റ് പ്രവർത്തിക്കുന്നതായുള്ള കണ്ടെത്തലിലേക്ക് നയിച്ചത്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരുവാർഡിൽനിന്ന് മാത്രം 19 പേരാണ് വൃക്ക ദാനം ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളി കോളനിയായ പുതുവൽക്കോളനിയിലാണ് ഏറ്റവും കൂടുതൽ വൃക്കദാനം നടന്നിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും വിധവകളും ഇതിൽ ഉൾപ്പെടുന്നു. ഇത്തരക്കാരെ അവയവ റാക്കറ്റ് ചൂഷണം ചെയ്യുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അമ്പലപ്പുഴയിൽനിന്ന് വൃക്ക കൈമാറിയവരെല്ലാം അടുത്തടുത്ത വീടുകളിലുള്ളവരാണ്. ഇതിൽ 12 പേർ സ്ത്രീകളാണ്. ഇവരിൽ രണ്ടുപേരെ മാതൃഭൂമി ന്യൂസ് സംഘം നേരിൽക്കണ്ടു. സാമ്പത്തികപരാധീനതകൾ കാരണമാണ് ഇവരെല്ലാം വൃക്ക കൈമാറ്റത്തിന് തയ്യാറായത്. ഒരു അവയവം നഷ്ടപ്പെട്ടെന്ന ചിന്തയില്ലെന്നും ഒരു നല്ലകാര്യമല്ലേ ചെയ്തതെന്നും ഇവരിലൊരാൾ പ്രതികരിച്ചു. അതുകൊണ്ട് തന്റെ കുടുംബവും മറ്റൊരു കുടുംബവും രക്ഷപ്പെട്ടെന്നും ഇവർ പറഞ്ഞു. എന്നാൽ മാതൃഭൂമി ന്യൂസ് സംഘം കോളനിയിൽ എത്തിയെന്ന വിവരം ചോർന്നതോടെ വൃക്ക കൈമാറിയവരിൽ മറ്റുപലരുടെയും നമ്പറുകൾ നിമിഷങ്ങൾക്കകം ഔട്ട് ഓഫ് റേഞ്ചായി.
തീരദേശ മേഖല കേന്ദ്രീകരിച്ച് വൻ അവയവ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് മാതൃഭൂമി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. വൃക്ക കൈമാറിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഈ റാക്കറ്റിന്റെ ഇരകളാണ്. അവയവ റാക്കറ്റിനെ സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം വേണമെന്നാണ് ആവശ്യം.
Content Highlights:kidney racket in coastal areas in kerala mathrubhumi news investigation