കാസർകോട് > അധ്യാപകർ ‘ദേശവിരുദ്ധ’ പ്രവർത്തനം നടത്തുന്നുവെന്ന സൂചനയോടെ നിരീക്ഷണം ഏർപ്പെടുത്താനുള്ള കേന്ദ്ര സർവകലാശാല തീരുമാനം വിവാദത്തിൽ. സർവകലാശാലയുടെ 51ാമത് നിർവാഹകസമിതി യോഗത്തിലാണ് സ്ഥാപനത്തെത്തന്നെ അപഹാസ്യമാക്കുന്ന തീരുമാനം. ‘അധ്യാപകരും ജീവനക്കാരും ദേശവിരുദ്ധമായ ക്ലാസുകളിൽനിന്നും പരിപാടികളിൽനിന്നും വിട്ടുനിൽക്കണമെന്നും രാജ്യതാൽപ്പര്യത്തിനുവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കുമെന്നും’ നിർവാഹകസമിതി തീരുമാനപ്രകാരം ആഗസ്ത് 30ന് രജിസ്ട്രാർ ഇറക്കിയ സർക്കുലറിൽ പറയുന്നു. അധ്യാപകർ ‘ദേശവിരുദ്ധ’രാകാതെ നോക്കാൻ യോഗം വൈസ് ചാൻസലറെ ചുമതലപ്പെടുത്തത്തിയിട്ടുമുണ്ട്.
സർവകലാശാലയിലെ ഒന്നാം വർഷ എംഎ വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസിൽ നരേന്ദ്രമോദി സർക്കാരിനെ ‘ഫാസിസ്റ്റ് ആഭിമുഖ്യമുള്ള’ സർക്കാർ എന്ന് പരാമർശിച്ചുവെന്നാരോപിച്ച് ഇന്റർനാഷണൽ റിലേഷൻസ് പൊളിറ്റിക്സ് വിഭാഗം അധ്യാപകൻ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെ സസ്പെൻഡു ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്. പ്രത്യേക സമിതി നടത്തിയ അന്വേഷണത്തിൽ, ദേശവിരുദ്ധ പരാമർശങ്ങളില്ലെന്ന് കണ്ടെത്തിയതിനാൽ വൈസ് ചാൻസലർ ഡോ. എച്ച് വെങ്കിടേശ്വരലു അദ്ദേഹത്തിെന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നു. ഇക്കാര്യം നിർവാഹകസമിതിയിൽ വിസി റിപ്പോർട്ടുചെയ്തു.
സസ്പെൻഷൻ റദ്ദാക്കിയത് ശരിയായില്ലെന്ന് യോഗത്തിൽ പങ്കെടുത്ത ആർഎസ്എസ് ആഭിമുഖ്യമുള്ളവർ വാദിച്ചു. ഗിൽബർട്ട് സെബാസ്റ്റ്യന്റെ ക്ലാസ് ദേശവിരുദ്ധമാണെന്ന നിഗമനത്തിൽ യോഗം എത്തിയതായും റിപ്പോർട്ടിൽ ഉൾപ്പെടുത്തി. അദ്ദേഹം ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ച പവർപോയിന്റ് സ്ലൈഡുകളും ഓഡിയോകളും സർവകലാശാല രേഖകളിൽനിന്ന് നീക്കംചെയ്യാനും തീരുമാനിച്ചു.