കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ താൽക്കാലിക ആശ്വാസമായെങ്കിലും നിപയുടെ മൂന്നാം വരവോടെ ഒരിക്കൽ കൂടെ നമ്മൾ ആ വല്ലാത്ത ദിനങ്ങളെ ഓർക്കുകയാണ്. വവ്വാലിൽ നിന്നാണ് നിപ ബാധയുണ്ടാവുന്നതെന്ന നിഗമനത്തിലേക്കാണ് കഴിഞ്ഞ തവണത്തേ പോലെ ഇത്തവണയും ആരോഗ്യവിദഗ്ധരും സർക്കാരും എത്തുന്നത്. പക്ഷെ ഇതെങ്ങനെ മനുഷ്യരിലേക്കെത്തുന്നുവെന്നത് ഇതുവരെ നമുക്ക് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിപ മുൻ കേന്ദ്രസംഘാംഗവും നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുൻ ഉപദേഷ്ടാവും കൂടിയായ ഡോ.ഷൗക്കത്തലി മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
1-ആദ്യം നിപ കോഴിക്കോട് റിപ്പോർട്ട് ചെയ്ത സമയത്ത് ഐസൊലേഷൻ, ക്വാന്റെയിൻ സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നിവയൊക്കെ നമുക്ക് പുതിയ കാര്യമായിരുന്നു എന്നാൽ ഇന്ന് ഇതൊക്കെ പരിചിതമാണ്. ഇത് പ്രതിരോധ പ്രവർത്തനത്തെ എളുപ്പമാക്കിയിട്ടുണ്ടോ?
കഴിഞ്ഞ തവണ സംസ്ഥാനത്തെ ജനങ്ങൾക്കും സംസ്ഥാന ആരോഗ്യവകുപ്പിനുമായിരുന്നു നിപയെന്നത് പുതിയകാര്യം. ഞങ്ങളെ സംബന്ധിച്ച് അതൊരു പുതിയ കാര്യമേ ആയിരുന്നില്ല. പുതിയ ഒരു രോഗമായതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് മുൻ അനുഭവങ്ങളോ അറിവോ ഉണ്ടായിരുന്നില്ല എന്നതാണ്. പക്ഷെ അന്ന് ജനങ്ങൾ പരിഭ്രാന്തരായിരുന്നു. ആ പേടി ഒരു തരത്തിൽ പ്രതിരോധ പ്രവർത്തനത്തിന് ഗുണം ചെയ്തിട്ടുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ ഒരു പ്രത്യേകത എന്നുവെച്ചാൽ പേടിക്കേണ്ട എന്ന് പറഞ്ഞാൽ ആവർ ഒട്ടു പേടിക്കില്ല. പക്ഷെ പേടിക്കേണ്ട അളവിൽ പേടിക്കുക തന്നെ വേണമെന്നതാണ് ഞാൻ പറയുന്നത്. ഓരോ സമൂഹത്തിന്റെയും സ്വഭാവം മനസ്സിലാക്കിയാവണം നമ്മൾ സാമൂഹിക നിയന്ത്രണങ്ങളും മറ്റും കൊണ്ടു വരേണ്ടത്. എന്നാൽ മാത്രമേ അത് ഫലവാത്താവൂ. അതൊരു നയത്തിന്റെ കൂടെ ഭാഗമാണ്. അന്ന് ജനങ്ങൾ സ്വയമേ പരിഭ്രാന്ത്രരായിരുന്നുവെന്നത് കൊണ്ട് തന്നെ സ്വയം ഐസൊലേഷനിലേക്ക് പോവുന്നത് വരെ നമ്മൾ കണ്ടു. അത് ഗുണം ചെയ്യുകയും ചെയ്തു. പക്ഷെ ഇന്നതെല്ലാം ജനങ്ങൾക്ക് പരിചിതമാണ്. ഇത് പ്രതിരോധ പ്രവർത്തനങ്ങൾ എളുപ്പമാക്കുമെന്നതിൽ സംശയമൊന്നുമില്ല. കഴിഞ്ഞ തവണത്തെ ഒരു പ്രശ്നം എന്നുവെച്ചാൽ രോഗം കണ്ട് പിടിക്കാൻ തന്നെ പതിനാല് ദിവസമെടുത്തുവെന്നതാണ്. ഒരു പക്ഷെ ആദ്യം മരിച്ചയാളുടെ സ്രവമോ സാമ്പിളോ ഉണ്ടായിരുന്നെങ്കിൽ അത് പരിശോധിച്ച് രോഗം കണ്ട് പിടിക്കാമായിരുന്നു. സാമ്പിൾ എടുത്ത് വെച്ചിരുന്നുവെങ്കിൽ മരിച്ച ശേഷവും രോഗം കണ്ട് പിടിക്കാമായിരുന്നു.
2-പതിനാല് ദിവസമാണ് നിപയുടെ ഇൻകുബേഷൻ പിരീഡ് എന്ന് പറയുന്നത്. നിലവിൽ മരിച്ച കുട്ടിയൊഴികെ മറ്റെല്ലാവരുടേയും ഫലം നെഗറ്റീവ് ആണെന്നാണ് ഇതുവരെയുള്ള റിസൽട്ടുകൾ പറയുന്നത്. കോഴിക്കോടിന് ആശ്വസിക്കാനുള്ള വക ആയോ?
ഏഴ് മുതൽ പതിനാല് ദിവസമാണ് ഇൻകുബേഷൻ പിരീഡ് എന്നാണ് പൊതുവെയുള്ള കണക്ക്. കുട്ടി ആഗസ്ത് 29 ന് ആണ് ആദ്യമായി ആശുപത്രിയിൽ എത്തുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോൾ മറ്റ് ഫലങ്ങൾ നെഗറ്റീവ് എന്നാണ് വരുന്നതെങ്കിലും ഒരു രണ്ടാഴ്ച കൂടി നല്ല ജാഗ്രതയുണ്ടാവുക തന്നെ വേണം. ഒരു തരത്തിലുമുള്ള ഇളവും ഈ ഭാഗങ്ങളിൽ നൽകാത്ത രീതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരണം. കാരണം ഏഴ് മുതൽ പതിനാല് എന്ന് പറയുന്നത് ചിലർക്ക് നീണ്ട് പോവാം. നൂറ് പേരുടെ ഗ്രാഫ് നമ്മൾ എടുക്കുമ്പോൾ ഏകദേശം 85 ആളുകൾക്ക് ഒരു പക്ഷെ ഏഴ് മുതൽ പതിനാല് ദിവസമായിരിക്കും. ബാക്കിയുള്ളവരുടെ അങ്ങോട്ടുമിങ്ങോട്ടും മാറാം. പിന്നെ കോവിഡുമായി താരതമ്യം ചെയ്യുമ്പോൾ നിപയ്ക്ക് പടർന്ന് പിടിക്കാനുള്ള ശേഷി കുറവായതിനാൽ കൃത്യമായ നിയന്ത്രണവും ശ്രദ്ധയും ഉണ്ടെങ്കിൽ തടയനാവുന്നത് തന്നെയാണ്.
3-എന്തുകൊണ്ടാണ് പകർച്ച വ്യാധികളുടെ ഒരു കേന്ദ്രമായി കോഴിക്കോട് മാറുന്നത് എന്നത് സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ടോ?
കോഴിക്കോട് മാത്രം എന്ന് പറയുന്നതിൽ ശരിയുണ്ടെന്ന് തോന്നുന്നില്ല. എറണാകുളത്തും വന്നിരുന്നല്ലോ?അപ്പോൾ എവിടേയും വരാമെന്നത് തള്ളിക്കളയാനാവില്ല. കേരളം ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതുകൊണ്ട് കേരളത്തെ ഒരു ക്ലസ്റ്ററായി നമുക്ക് പരിഗണിക്കണം. വടക്കേ ഇന്ത്യയിലൊക്കെയുള്ള പ്രത്യേകതയെന്താണെന്ന് വെച്ചാൽ അവിടെ ഒരു ഗ്രാമം എന്നൊക്കെ വെച്ചാൽ അതൊരു ക്ലസ്റ്റർ തന്നെയാണ്. കൃത്യമായി നിയന്ത്രണം കൊണ്ടുവരാൻ കഴിയും. പക്ഷെ കേരളത്തിന് അത് സാധിക്കില്ല. മാത്രമല്ല എല്ലാ സ്ഥലത്തും ചെറുതായെങ്കിലും കാടുകളുണ്ട്. അവിടെയൊക്കെ വവ്വാലുകളുമുണ്ട്. ഇത് രോഗം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കാരണവുമാവും.
4-വവ്വാലുകളുടെ സാന്നിധ്യം തന്നെയാണ് രോഗ വ്യപനത്തിന് കാരണമായി പറയുന്നത്. പക്ഷെ ഇതെങ്ങനെ മനുഷ്യരിലേക്കെത്തി എന്ന് കണ്ടെത്താനാവാത്തത് വീഴ്ചയാണോ?
വീഴ്ച തന്നെയാണ്. തുടർച്ചയായ ഒരു നീരീക്ഷണവും പഠനവും തുടരുക തന്നെ വേണമായിരുന്നു. മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും വനം വകുപ്പും ഒരു തുടർച്ചയായ സംവിധാനം ഉണ്ടാക്കുകയായിരുന്നു വേണ്ടത്. പ്രത്യേക ഗ്രൂപ്പുണ്ടാക്കി എവിടെയാണ് ഈ വൈറസിന്റെ സാന്നിധ്യം കൂടുതലുള്ളതെന്ന് കണ്ടത്തേണ്ടിയിരുന്നു.
5-മൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടോ?
ഉണ്ടെന്ന് തന്നെയാണ് യാഥാർഥ്യം. വവ്വാലിൽ നിന്നുമാണ് മൃഗങ്ങളിലേക്ക് രോഗാണുവെത്തുന്നത്. വവ്വാലുകൾ കഴിച്ച പഴങ്ങൾ മൃഗങ്ങൾ കഴിക്കുന്നതും അതുവഴി മനുഷ്യരിലേക്ക് എത്തുന്നുവെന്നുമാണ് നിഗമനം. 2018-ൽ നമ്മൾ നിപയെ പൂർണമായും അകറ്റിയിരുന്നുവെന്നതിൽ സംശയമൊന്നുമില്ല. പക്ഷെ അത് വീണ്ടും വീണ്ടും വരില്ലെന്ന് നമുക്ക് ഉറപ്പിക്കാൻ കഴിഞ്ഞില്ല. ഇങ്ങനെ കൃത്യമായ ഒരു നിരീക്ഷണമായിരുന്നു ആദ്യം മുതൽ വേണ്ടിയിരുന്നത്. രോഗത്തെ അന്ന് അകറ്റിയപ്പോഴും ജനങ്ങളും അതോറിറ്റിയും ഇപ്പോഴും നിപ സാന്നിധ്യം ഇവിടെത്തന്നെയുണ്ടെന്ന് വിചാരിക്കണമായിരുന്നു. അത് മനസ്സിലാക്കികൊണ്ടുള്ള ഒരു സ്ഥിരം പ്രതിരോധ സംവിധാനത്തിനും തുടക്കം കുറിക്കണമായിരുന്നു. മൂന്നാംവരവ് ആശ്വാസമായെന്നാണ് എല്ലാവരും കരുതുന്നതെങ്കിലും രോഗം ഇനിയും വരാം. രോഗാണു ഉള്ളകാലത്തോളം രോഗം വരിക തന്നെ ചെയ്യും. രോഗാണു ഉണ്ടോ ഇല്ലയോ എന്ന് നേരത്തെ പറഞ്ഞപോലുള്ള സ്ഥിരം സംവിധാനത്തിലൂടെ കണ്ടെത്തുകയെന്നതാണ് വേണ്ടത്.
6-കഴിഞ്ഞ തവണ രോഗം വന്നപ്പോൾ പഴങ്ങൾ കഴിക്കുന്നത് സംബന്ധിച്ച് പോലും കൃത്യമായ നിർദേശം എല്ലാവർക്കും കൊടുത്തിരുന്നു. പക്ഷെ അന്ന് രോഗം മാറിയപ്പോൾ എല്ലാവരും എല്ലാം മറന്നു. ഇനിയും ബോധവത്കരണത്തിന്റെ ആവശ്യമില്ലേ?
എത്ര വിദ്യാഭ്യാസമുണ്ടായിട്ടും ജനങ്ങൾ സർക്കാർ നൽകുന്ന നിർദേശം കൃത്യമായി മനസ്സിലാക്കുന്നില്ല എന്നതാണ് യഥാർഥ്യം. നൂറ് ശതമാനം സാക്ഷരതയുള്ളവരാണ് കേരളത്തിലുള്ളത് എന്നാണ് പറയുന്നത്. പല പ്രതിരോധ പ്രവർത്തനങ്ങളുമായി ഞങ്ങൾ കേരളത്തിലെ വീടുകളിലൊക്കെ കയറുമ്പോൾ ഒരു സഹകരണവും നൽകാൻ പലപ്പോഴും നമ്മുടെ ആളുകൾ തയ്യാറാവുന്നില്ല. എല്ലാം സർക്കാർ ഞങ്ങൾക്ക് ചെയ്ത് തരട്ടെ എന്ന ഒരു മനോഭാവമാണ് നമ്മുടെ നാട്ടുകാർക്ക്. വിദ്യാഭ്യാസം കൂടിപോയതാണ് നമ്മുടെ പ്രശ്നമെന്ന് ഞാൻ മനസ്സിലാക്കുന്നു.
7-വൈറോളജി ലാബ് എന്ന ആവശ്യം ദുരന്തമുണ്ടാകുമ്പോൾ മാത്രം ചർച്ചയാക്കുന്നത് ശരിയാണോ?
വൈറോളജി ലാബ് വരേണ്ടത് തന്നെയാണ്. വലിയ അടിസ്ഥാന സൗകര്യമുള്ള ആശുപത്രികളാണ് സർക്കാർ മേഖലയിൽ നമുക്കുള്ളത്. പക്ഷെ അതിന് അനുസരിച്ചുള്ള ലാബ് സൗകര്യവും ഒരുക്കേണ്ടത് നിർബന്ധമാണ്. പക്ഷെ അത് എന്തുകൊണ്ട് നടക്കുന്നില്ല എന്നത് അറിയില്ല.