ന്യൂയോർക്ക്
ഒന്നാംസെറ്റിൽ തകർന്നിട്ടും നൊവാക് ജൊകോവിച്ച് വിട്ടുകൊടുത്തില്ല. അമേരിക്കക്കാരൻ ജെൻസെൺ ബ്രൂക്സ്ബിയെ വീഴ്ത്തി യുഎസ് ഓപ്പൺ ടെന്നീസ് ക്വാർട്ടറിലെത്തി. ആദ്യ സെറ്റ് 1–6ന് നഷ്ടമായശേഷമായിരുന്നു തിരിച്ചുവരവ്. സ്കോർ: 1–6, 6–3, 6–2, 6–2. സെമിഫെെനൽ ലക്ഷ്യമിട്ട് ജൊകോവിച്ച് ഇന്ന് മാറ്റിയോ ബെറെട്ടിനിയെ നേരിടും. 21–ാം ഗ്രാൻഡ് സ്ലാം നേടി പുതുചരിത്രമിടാനാണ് ലോക ഒന്നാംറാങ്കുകാരനായ ജൊകോവിച്ച് ലക്ഷ്യമിടുന്നത്. ഈ സീസണിലെ എല്ലാ ഗ്രാൻഡ് സ്ലാം എന്ന നേട്ടത്തിലും കണ്ണുണ്ട്. നിലവിലെ റണ്ണറപ്പായ ജർമനിയുടെ അലെക്സാണ്ടർ സ്വരേവും അവസാന എട്ടിലെത്തി. ലോയ്ഡ് ഹാരിസാണ് എതിരാളി.
വനിതകളിൽ മുൻചാമ്പ്യൻ ബിയാൻക ആൻഡ്രെസ്കു പുറത്തായി. ഗ്രീക്കുകാരി മരിയ സക്കാരിയാണ് ബിയാൻകയെ തോൽപ്പിച്ചത് (6–-7, 7-–6 , 6-–3). മൂന്നരമണിക്കൂർ നീണ്ട പോരിലാണ് സക്കാരി ജയംപിടിച്ചത്. കരോളിന പ്ലിസ്കോവയാണ് ക്വാർട്ടറിൽ സക്കാരിയുടെ എതിരാളി.