തിരുവനന്തപുരം
ഡിസിസി പ്രസിഡന്റ് നിയമനത്തർക്കവുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ ‘മഞ്ഞുരുകൽ’ കെപിസിസി, ഡിസിസി ഭാരവാഹി വീതംവയ്പിനു മുമ്പുള്ള കണ്ണിൽപ്പൊടിയിടൽ. വെല്ലുവിളിയും പോർവിളിയുമായി നേതാക്കൾ ഒരാഴ്ചയിലേറെ ഉറഞ്ഞുതുള്ളിയശേഷം എല്ലാം പറഞ്ഞുതീർത്തെന്നാണ് നാട്യം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ ഒരു മണിക്കൂർ ചർച്ച നടത്തിയാൽ തീരുമായിരുന്നെങ്കിൽ എന്തിന് ദിവസങ്ങളോളം ചെളിവാരി എറിഞ്ഞെന്നാണ് ഗ്രൂപ്പുകളിലെ രണ്ടാംനിരക്കാരുടെ ചോദ്യം.
കെപിസിസി, ഡിസിസി ഭാരവാഹികളെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ നിശ്ചയിക്കാമെന്ന ‘ധാരണ’യാണ് മഞ്ഞുരുകലിലുള്ളത്. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുള്ള നിർദേശങ്ങൾ പരിഗണിക്കുമെന്ന് സുധാകരനും സതീശനും ഉറപ്പുനൽകി. നൽകുന്ന പേരുകളിൽ തുടർചർച്ച പാടില്ലെന്ന കടുംപിടിത്തമാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുന്നോട്ടുവച്ചത്. ഇത് കെ സി വേണുഗോപാൽ അംഗീകരിക്കുമോയെന്നതാണ് ഗ്രൂപ്പുകാർ ഉറ്റുനോക്കുന്നത്. ‘ഹൈക്കമാൻഡ്’ തള്ളിയാൽ യുദ്ധകാഹളം തുടരുമെന്ന് ഉറപ്പ്.
പരിഹരിച്ചെന്ന് സുധാകരനും ശാശ്വത പരിഹാരമായെന്ന് സതീശനും അവകാശപ്പെട്ടെങ്കിലും ചെന്നിത്തല പൂർണമായും യോജിച്ചില്ല. പ്രശ്നപരിഹാരത്തിന് സഹായകരമായ ചർച്ചയെന്നാണ് ചെന്നിത്തല പറഞ്ഞത്. ഡിസിസി പ്രസിഡന്റ് നിയമനത്തിൽ മതിയായ ചർച്ച നടത്തിയില്ലെന്നതാണ് എ, ഐ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചത്. ചർച്ച നടത്തിയോ ഇല്ലയോ എന്ന തർക്കവിഷയത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ചർച്ച മനഃപൂർവം വേണ്ടെന്നു വച്ചതല്ലെന്ന സുധാകരന്റെ വിശദീകരണം ഉമ്മൻചാണ്ടി വിശ്വാസത്തിലെടുത്തിട്ടുമില്ല.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും കെ സി വേണുഗോപാലും പക്ഷപാതിത്വം കാട്ടിയെന്നുകാണിച്ച് എ, ഐ ഗ്രൂപ്പുകൾ നൽകിയ പരാതിയും ഹൈക്കമാൻഡിന് മുന്നിലുണ്ട്. താരിഖ് അൻവറുമായി ഒരു ഒത്തുതീർപ്പ് ചർച്ചയ്ക്കുമില്ലെന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും വ്യക്തമാക്കിയതോടെ അദ്ദേഹം യാത്ര മാറ്റി.
മഞ്ഞുരുകലിന്റെ തുടർച്ചയായി കെപിസിസി, ഡിസിസി അഴിച്ചുപണിയിൽ ഒന്നുകിൽ ഗ്രൂപ്പ് മാത്രം മാനദണ്ഡമാക്കും. അല്ലെങ്കിൽ ഗ്രൂപ്പുകൾ നൽകുന്ന കുറെ പേരുകൾക്ക് പരിഗണന കിട്ടും. ഇവയിൽ ഏതായാലും വൻ കലാപത്തിനാകും വഴിതുറക്കുക.
വിശദീകരണത്തിലും ഗ്രൂപ്പ്
രാജ്മോഹൻ ഉണ്ണിത്താനോട് വിശദീകരണം ചോദിച്ചതും രസകരം. കെ പി അനിൽകുമാറിനെയും കെ ശിവദാസൻ നായരെയും സസ്പെൻഡ്ചെയ്ത ശേഷമാണ് വിശദീകരണം തേടിയത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും വേറെ പാർടിയുണ്ടാക്കണമെന്ന് പരസ്യമായി ആക്ഷേപിച്ച ഉണ്ണിത്താനെതിരായ നടപടി വിശദീകരണത്തിൽ ഒതുങ്ങും. നേതാക്കളുടെ യോഗം തീർന്നയുടൻ ഉണ്ണിത്താനോട് വിശദീകരണം ചോദിച്ചെന്നാണ് സുധാകരൻ പറഞ്ഞത്. നേരത്തേ തന്നെ വിശദീകരണം ചോദിച്ചെന്നായിരുന്നു സതീശന്റെ മറുപടി. വിശദീകരണം തേടൽ പ്രഹസനമാണെന്നതിന് തെളിവാണിത്.