കൂത്താട്ടുകുളം
കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ ഓർമയ്ക്കായി ബനീഞ്ഞ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്. ഡോ. വി എം മാത്യുവിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പെരുമ്പടവത്തിനെ അവാർഡിനായി തെരഞ്ഞെടുത്തത്. മലയാളസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഇലഞ്ഞി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്റ്റർ മേരി ബനീഞ്ഞ സ്മാരക സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ബനീഞ്ഞ ഫൗണ്ടേഷൻ.
വെള്ളി പകൽ നാലിന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ നടക്കുന്ന ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരസമർപ്പണം നടത്തും. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. അനൂപ് ജേക്കബ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് ഫാ. ജോസഫ് വടയാറ്റുകുഴി അധ്യക്ഷനാകും.