ദുബായ്: ടീം സെലക്ഷനെ കുറിച്ചും മറ്റു അസംബന്ധങ്ങളെ കുറിച്ചും വ്യാകുലപ്പെടുന്നത് അവസാനിപ്പിക്കണമെന്ന് എബി ഡിവില്ലിയേഴ്സ്. ഓവലിൽ ഇന്ത്യ നാലാം ടെസ്റ്റ് ജയിച്ചതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം.
“ടീം തിരഞ്ഞെടുപ്പും മറ്റ് അസംബന്ധങ്ങളും” മറന്ന് കളിയെ അതിന്റെ ഏറ്റവും നല്ല രീതിയിൽ അഭിനന്ദിക്കാൻ എബിഡി ആരാധകരോട് അഭ്യർത്ഥിച്ചു. നാലാം ടെസ്റ്റിലും സ്പിന്നർ രവിചന്ദ്രൻ അശ്വിനെ പുറത്തിരുത്തിയതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ട്വീറ്റും.
“ടെസ്റ്റ് ക്രിക്കറ്റിന്റെ കാഴ്ചക്കാരൻ എന്ന നിലയിൽ, ടീം തിരഞ്ഞെടുപ്പിനെക്കുറിച്ചും മറ്റ് അസംബന്ധങ്ങളെക്കുറിച്ചും വ്യാകുലപ്പെടുന്നത് അവസാനിപ്പിച്ച് നിങ്ങളുടെ കൺമുന്നിൽ അരങ്ങേറുന്ന മത്സരം, അഭിനിവേശം, വൈദഗ്ദ്ധ്യം, രാജ്യസ്നേഹം എന്നിവയെ അഭിനന്ദിക്കാൻ തുടങ്ങുക. അല്ലെങ്കിൽ നിങ്ങൾക്ക് ഒരു നല്ല മത്സരമാണ് നഷ്ടമാക്കുന്നത്,” ഡിവില്ലിയേഴ്സ് ട്വീറ്റ് ചെയ്തു.
അശ്വിനെ പുറത്തിരുത്തി നാല് പേസർമാർ ഒരു സ്പിന്നർ എന്ന നിലയിലാണ് ഇന്ത്യ നാലാം ടെസ്റ്റിനും ഇറങ്ങിയത്. അശ്വിന് പകരം രവീന്ദ്ര ജഡേജയെ സ്പിന്നറായി ഉൾപ്പെടുത്തിയതിൽ നിരവധി ആരാധകരും മുൻതാരങ്ങളും വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.
എന്നാൽ നാലാം ടെസ്റ്റിൽ ഇന്ത്യ 157 റൺസിന്റെ അവിസ്മരണീയമായ ജയം നേടി പരമ്പരയിൽ 2-1 ന്റെ ലീഡ് ഉറപ്പിച്ചപ്പോൾ അശ്വിനെ പുറത്തിരുത്താനുള്ള കോഹ്‌ലിയുടെ തീരുമാനം ന്യായീകരിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
Also read: വിജയത്തിൽ ശാർദൂൽ താക്കൂറിന്റെ സംഭാവന വളരെ വലുത്: ജസ്പ്രീത് ബുംറ
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുന്ന എബി ഡിവില്ലിയേഴ്സ് രണ്ടാം ഘട്ട മത്സരങ്ങൾക്കായി കഴിഞ്ഞ ദിവസം യുഎഎയിൽ എത്തി. ഇന്ത്യയിലെ കോവിഡ് വ്യാപനവും ടീമുകളിൽ കോവിഡ് സ്ഥിരീകരിച്ചതും കാരണം മാറ്റിവെച്ച ഐപിഎൽ മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ ദുബായിൽ ആരംഭിക്കും.
The post ടീം സെലക്ഷനെ കുറിച്ച് വ്യാകുലപ്പെടുന്നത് അവസാനിപ്പിക്കുക; ആരാധകരോട് എബിഡി appeared first on Indian Express Malayalam.