തിരുവനന്തപുരം: കരിപ്പൂർ മാതൃകയിൽ സ്വർണം പൊട്ടിക്കൽ തിരുവനന്തപുരത്തും. സ്വർണക്കടത്ത് സംഘം രഹസ്യമായി വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് കടത്തുന്ന സ്വർണം വിവരം ചോർത്തി നൽകി മറ്റൊരു സംഘം തട്ടിയെടുക്കുന്നതിനെയാണ് സ്വർണം പൊട്ടിക്കൽ എന്ന് വിളിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന സ്വർണം പൊട്ടിക്കൽ വടക്കൻകേരളത്തിൽ സാധാരണ നടക്കുന്ന സ്വർണം പൊട്ടിക്കൽ മാതൃകയിൽ തന്നെയായിരുന്നുവെന്ന് പോലീസ് കസ്റ്റംസിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. മഞ്ചേരി സംഘത്തിനായി കൊണ്ടുവന്ന സ്വർണംഇരിട്ടി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവർ തട്ടിയെടുക്കുകയായിരുന്നു.
സ്വർണം പൊട്ടിക്കൽ; നടന്നത് തന്ത്രപരമായ നീക്കം
തിരുവനന്തപുരം കല്ലറ സ്വദേശിയായ അൽ അമീൻ വഴിയാണ് മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘം സ്വർണം കടത്തിയത്. അൽ അമീൻ വഴി സ്വർണം കടത്തുന്ന വിവരം അറിഞ്ഞ കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് സ്വർണം കൂടുതൽ തുക വാഗ്ദാനംചെയ്ത് കൈവശപ്പെടുത്തിയത്. സ്വർണം കടത്തിക്കൊണ്ടുവന്ന അൽ അമീനെ സ്വർണക്കടത്തുസംഘവുമായി പരിചയപ്പെടുത്തിയത് ദുബായിൽ നേരത്തേ തൊട്ടടുത്ത സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സാബിത്ത് എന്ന സുഹൃത്താണ്. ഓഗസ്റ്റ് 13ന് ദുബായിൽ നിന്ന് സ്വർണ്ണം കൊണ്ടുവന്നപ്പോൾ കൂടുതൽ തുക വാഗ്ദാനംചെയ്ത് അൽ അമീനെ കടത്തിക്കൊണ്ടുപോയതും ഇരിട്ടി സ്വദേശി സാബിത്തും സംഘവുമാണ്.
ഈ സമയം മഞ്ചേരി സംഘം വിമാനത്താവളത്തിനു പുറത്ത് സ്വർണത്തിനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. നിശ്ചിത സമയം കഴിഞ്ഞിട്ടും അൽ അമീനെ കാണാതെ വന്നതോടെയാണ് സ്വർണം നഷ്ടപ്പെട്ടതായി ഇവർ അറിഞ്ഞത്. തുടർന്ന് മഞ്ചേരി സംഘം അൽ അമീന്റെ വീട്ടിലെത്തി ബഹളം വെച്ചു. തങ്ങളുടെ സ്വർണം ഇയാളുടെ കൈയിലുണ്ടെന്ന് സംഘം പറഞ്ഞു. അപ്പോൾ മാത്രമാണ് അൽ അമീൻ നാട്ടിലെത്തിയത് വീട്ടുകാർ പോലുമറിഞ്ഞത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകി.
വാഗ്ദാനം ചെയ്ത തുക നൽകാതെ പറ്റിച്ചു, കേസെടുക്കാതെ കസ്റ്റംസ്
മൂന്ന് ക്യാപ്സൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. ആലപ്പുഴയിൽ ചെന്നാണ് ഇതു പുറത്തെടുത്തത്. ആലപ്പുഴയിൽനിന്ന് കാറിൽ അൽ അമീൻ ഉൾപ്പെടെയുള്ള സംഘം സ്വർണം വിൽക്കാനായി ബംഗളൂരുവിലെക്കാണ് പോയത്. എന്നാൽ, അൽ അമീനെ അന്വേഷിച്ച് പോലീസ് സംഘം പിന്നാലെയെത്തിയതോടെ ഇവർ അൽ അമീനോടു തിരിച്ചുപോകാൻ ആവശ്യപ്പെടുകയായിരുന്നു. വാഗ്ദാനംചെയ്ത പണം നൽകിയില്ലെന്നും അൽ അമീൻ പറയുന്നു. അര ലക്ഷത്തോളം രൂപ വാഗ്ദാനംചെയ്തെങ്കിലും 13,000 രൂപ മാത്രമാണ് നൽകിയത്.
സ്വർണക്കടത്ത് കേസ് അന്വേഷിക്കേണ്ടത് കസ്റ്റംസും കേന്ദ്ര ഏജൻസികളുമായതിനാൽ പോലീസ് ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര ഏജൻസികൾക്കു നൽകിയിട്ടുണ്ട്. 300 ഗ്രാം സ്വർണമാണുണ്ടായിരുന്നതെന്നാണ് അൽ അമീന്റെ മൊഴി. ഇത് അന്വേഷണസംഘങ്ങൾ വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു കിലോയോളം സ്വർണ്ണമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.
സംഭവത്തിൽ കസ്റ്റംസ് ഇതുവരെ കേസെടുത്തിട്ടില്ല. കസ്റ്റംസ് പ്രിവന്റീവ് ആൻഡ് നർക്കോട്ടിക് യൂണിറ്റ് സൂപ്രണ്ട് ടി.ആർ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച അൽ അമീന്റെ മൊഴിയെടുത്തിരുന്നു. സ്വർണം സാബിത്തിന്റെയും അജ്മലിന്റെയും കൈവശമാണെന്നാണ് അൽ അമീൻ പറയുന്നത്.
സ്വർണം പൊട്ടിക്കൽ തിരുവനന്തപുരത്തേക്കും
വടക്കൻ കേരളത്തിൽ പലപ്പോഴും സ്വർണക്കടത്ത് സംഘങ്ങൾ തമ്മിൽ ഇത്തരത്തിൽ സ്വർണം പൊട്ടിക്കൽ നടക്കാറുള്ളത് പരസ്യമായ രഹസ്യമാണ്. മുമ്പ് മറ്റ് സംഘത്തിന്റെ വിവരങ്ങൾ കസ്റ്റംസിന് ചോർത്തി നൽകുകയായിരുന്നു ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അതിനൊപ്പം ചെറിയ അളവിലുള്ള സ്വർണം കടത്തുകാർ കാരിയറായി വരുന്ന ആളിനെ തട്ടിക്കൊണ്ട് പോയടക്കം കൈവശപ്പെടുത്തുന്ന രീതികളും വർധിച്ചിട്ടുണ്ട്.
ഇത്തരത്തിൽ മറ്റൊരു സംഘത്തിന്റെ സ്വർണം കൈവശപ്പെടുത്തുന്നത് വലിയ റിസ്കാണെങ്കിലും അതുവഴി ലഭിക്കുന്ന ലാഭം സ്വയം കടത്തുന്നതിനേക്കാൾ കൂടുതലാണ്. പലപ്പോഴും ക്വട്ടേഷൻ സംഘങ്ങളാണ് ഇത്തരത്തിൽ കാരിയർമാരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിക്കുന്നത്. വടക്കൻ കേരളത്തിൽ നടക്കുന്ന രീതികൾ തിരുവനന്തപുരത്തേക്കും വ്യാപിക്കുമെന്ന് പോലീസ് കരുതിയിരുന്നില്ല.
ഇത് വ്യാപകമായാൽ ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാകുകയും അതുവഴി അതിക്രമങ്ങൾ കൂടുമോയെന്നും പോലീസ് ഭയക്കുന്നുണ്ട്. അത് മുളയിലെ നുള്ളാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights:Karipur model gold smuggling: Man goes missing from TVM airport