ചാത്തന്നൂർ
നോക്കെത്താ ദൂരം കോട്ടപോലെ പടർന്നു കിടക്കുന്ന പച്ചപ്പ്. പ്രകൃതി അതിന്റെ ചന്തം നിറച്ചു നെടുങ്ങോലത്ത് മാലാക്കായലിലേക്ക് സഞ്ചാരികളെ മാടിവിളിക്കുകയാണ്. ലോകത്തിലെതന്നെ ഉയരം കൂടിയ ഉപ്പൂറ്റി കണ്ടലുകളാണ് ഇവിടെ ഒരു കോട്ടപോലെ പന്തലിച്ചു നിൽക്കുന്നത്.
ശുദ്ധവായുവും കുളിർകാറ്റും ദേശാടനപ്പക്ഷികളുടെ സാന്നിധ്യവും നാട്ടു പക്ഷികളുടെ സുന്ദരനാദവും ഇവിടെയെത്തുന്നവർക്ക് മറക്കാനാകാത്ത അനുഭവമാകുന്നു. ചിറക്കര പഞ്ചായത്തിൽ നെടുങ്ങോലത്ത് ഇത്തിക്കരയാറിന്റെ തീരത്ത് 25 ഏക്കറിലധികം വരുന്ന സർക്കാർ പുറമ്പോക്കിലാണ് ഈ കണ്ടൽകോട്ട. 150, 200മീറ്റർ ദൈർഘ്യമുള്ള രണ്ടു കണ്ടൽ ഗുഹകളും കൂടാതെ ചെറുഗുഹകളും ചെറു തുരുത്തുകളും ഇവിടെയുണ്ട്. 30 അടിയിലേറെ ഉയരത്തിൽ മതിൽപോലെ നിൽക്കുന്ന ഉപ്പൂറ്റി കണ്ടാൽ കോട്ടമതിൽ.
കോട്ടയിൽ കയറാനും തിരിച്ചിറങ്ങാനും ആർച്ച് പോലെ രണ്ടു കവാടങ്ങൾ.കോട്ട കടന്നാൽ വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം ആസ്വദിക്കാം. പരവൂർ കായലും ഇത്തിക്കരയാറും ഈ കോട്ടയ്ക്ക് ചുറ്റപ്പെട്ടു കിടക്കുന്നു. മനുഷ്യനിർമിതമാണ് ഈ കോട്ട എന്നതാണ് മറ്റൊരു പ്രത്യേകത.