സാവോപോളോ
ലോകകപ്പ് യോഗ്യതാമത്സരം മുടങ്ങിയതിൽ ബ്രസീൽ ആരോഗ്യ അധികൃതറെ വിമർശിച്ച് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. കോവിഡ് മാനദണ്ഡങ്ങൾ അർജന്റീന താരങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ബ്രസീൽ ആരോഗ്യവകുപ്പ് അധികൃതർ മത്സരം മുടക്കിയത്. ബ്രസീൽ ഫുട്ബോൾ ഫെഡറേഷനും സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.
മത്സരം വീണ്ടും നടത്തണമോയെന്ന് ഫിഫ- തീരുമാനിക്കും. മറ്റു നടപടികളുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും.
സാവോപോളയിൽ ബ്രസീൽ-–അർജന്റീന മത്സരം തുടങ്ങി ഏഴു മിനിറ്റിനുള്ളിലാണ് നിർത്തിവച്ചത്. ഇംഗ്ലണ്ട് ക്ലബ്ബിൽ കളിക്കുന്ന താരങ്ങൾ അർജന്റീന ടീമിനുവേണ്ടി ഇറങ്ങിയതിനെ തുടർന്നായിരുന്നു ആരോഗ്യ അധികൃതർ കളി തടസ്സപ്പെടുത്തിയത്. ഈ കളിക്കാർ തെറ്റായ വിവരം നൽകി കബളിപ്പിച്ചെന്നും ഇവർ ആരോപിച്ചു. ഇംഗ്ലണ്ടിൽനിന്ന് എത്തിയവർക്ക് 14 ദിവസമാണ് നിരീക്ഷണം.
ബ്രസീലിലെത്തി മൂന്നുദിവസമായിട്ടും മുന്നറിയിപ്പ് നൽകാൻ കഴിയാത്തവർ, മത്സരം തുടങ്ങാൻവേണ്ടി കാത്തിരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് മെസി പറഞ്ഞു. മത്സരം തുടങ്ങിയശേഷമായിരുന്നില്ല ഇത്തരം നടപടികൾ എടുക്കേണ്ടതെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷനും വിമർശിച്ചു.
അടുത്ത മത്സരത്തിൽ ബ്രസീൽ വെള്ളിയാഴ്ച പെറുവിനെയും അർജന്റീന ബൊളീവിയയെയും നേരിടും.