കാബൂൾ
അഫ്ഗാനിസ്ഥാനിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നാല് വിമാനം താലിബാൻകാർ തടഞ്ഞതായി ആരോപണം. രാജ്യംവിടാൻ ആഗ്രഹിച്ച് എത്തിയവരുടെ യാത്ര മുടങ്ങി ദിവസങ്ങളായി അഫ്ഗാനിൽ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരെ താലിബാൻ വിമാനത്താവളത്തിൽ ബന്ധിയാക്കിയിരിക്കുകയാണെന്ന് യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ മൈക്കിൾ മക്കൗൾ പറഞ്ഞു.
എന്നാൽ, യാത്രക്കാരിൽ ഭൂരിഭാഗവും അഫ്ഗാൻകാരായിരുന്നെന്നും ഇവർക്ക് യാത്രാ രേഖകൾ ഉണ്ടായിരുന്നില്ലെന്നും മസാരെ ഷെരീഫ് വിമാനത്താവളത്തിലെ അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞു. വിവരങ്ങളിൽ വ്യക്തത തേടിയപ്പോഴേക്കും യാത്രക്കാരിൽ അധികവും തിരിച്ചുപോയിരുന്നു. മിക്കവരും പരിസരത്തെ ഹോട്ടലിലും മറ്റുമായി താമസിക്കുകയാണന്നും അവർ പറഞ്ഞു. അമേരിക്കൻ, ജർമൻ പട്ടാളക്കാർക്കായി ജോലിചെയ്ത കുടുംബങ്ങളാണ് ഇവർ.