തൃശൂർ
വവ്വാൽ സങ്കേതങ്ങൾ തകർത്താലും ഉപദ്രവിച്ചാലും കൂടുതൽ നിപാ വൈറസ് പുറത്തുചാടും. വവ്വാലിന് ശാരീരിക അസ്വസ്ഥതയുണ്ടാവുമ്പോൾ കാഷ്ഠവും ഉമിനീരും വഴി കൂടുതൽ വൈറസിനെ പുറംതള്ളും. വവ്വാലുകളെ കൊല്ലാൻ നിപാ വൈറസിനാവില്ല. കാട്ടുതീയിൽ വവ്വാലുകളുടെ വാസസ്ഥലങ്ങൾ നശിച്ചതാണ് മലേഷ്യയിൽ നിപാ വ്യാപനത്തിനിടയാക്കിയതെന്നും ഗവേഷകർ പറയുന്നു.
1998–-99ൽ മലേഷ്യയിൽ 265 പേർക്ക് നിപാ ബാധിച്ചു. 105പേർ മരിച്ചു. ഇതേ കാലത്ത് മലേഷ്യയിൽ വ്യാപകമായി കാട്ടുതീ പടർന്ന് വവ്വാലുകളുടെ സങ്കേതങ്ങളടക്കം കത്തിനശിച്ചു. വാസസങ്കേതം നഷ്ടപ്പെട്ട വവ്വാലുകൾ കൂടുതലായി വൈറസിനെ പുറംതള്ളിയതാണ് മലേഷ്യയിൽ നിപാ പടരാൻ കാരണമായതെന്ന് പഠനങ്ങൾ തെളിയിക്കുന്നതായി കേരള കാർഷിക സർവകലാശാല ഫോറസ്ട്രി കോളേജ് വന്യജീവി വിഭാഗം മേധാവി ഡോ. പി ഒ നമീർ പറഞ്ഞു. അവയുടെ സങ്കേതങ്ങളിലേക്ക് കടന്നു കയറാതെ സൂക്ഷിക്കണം. വവ്വാൽതിന്ന് വീഴുന്ന പഴങ്ങൾ എടുക്കരുത്.
2001–-05ൽ ബംഗാളിലും ബംഗ്ലാദേശിലും നിപാ പടർന്നതിന് കാരണം കള്ളിൽ വൈറസ് കലർന്നതാണ്. കള്ളിൻ കുടങ്ങൾ തുറന്നിരുന്നതിനാലാണിത്. പിന്നീട് കള്ളിൻകുടങ്ങൾക്കു ചുറ്റും മുള്ളുവേലി പിടിപ്പിച്ചു. വവ്വാലുകളെ ഭയക്കേണ്ട. മുൻകരുതലുകൾ സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.