കുറ്റ്യാടി > കുറ്റ്യാടി ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പു കേസിന്റെ അന്വേഷണം ലീഗ് നേതാക്കളിലേക്ക്. ജ്വല്ലറിയുടെ പ്രധാന പാർട്ണർ യൂത്ത് ലീഗ് കുറ്റ്യാടി ടൗൺ പ്രസിഡന്റായ വി പി സമീറിനെ കുറ്റ്യാടി സിഐ ടി പി ഫർഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. അന്വേഷണം ഊർജിതമായതോടെ നാദാപുരം കുറ്റ്യാടി മേഖലയിലെ ലീഗ് നേതൃത്വം ആശങ്കയിലാണ്.
കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലാണ് ജ്വല്ലറിക്ക് ശാഖകളുള്ളത്. മൂന്നു ശാഖയിലും കൂടി പതിനെട്ടിലേറെ പാർട്ണർമാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ലീഗിന്റെ സജീവ പ്രവർത്തകരും ലീഗ്, യൂത്ത് ലീഗ്, പ്രവാസി ലീഗ് നേതാക്കളുമാണ്. ജ്വല്ലറിയിലെ സ്വർണാഭരണങ്ങളും മറ്റും കഴിഞ്ഞ 25ന് പാർട്ണർമാർ ജീവനക്കാരുടെ സഹായത്തോടെ മാറ്റിയതായും പറയുന്നു. ജ്വല്ലറിയുടെ മറ്റു പാർട്ണർമാരിൽ പ്രധാനികളായ യൂത്ത് ലീഗ് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കണ്ടോട് തൊടുപൊയിൽ സബീലും മറ്റും ഒളിവിലാണ്. ഇവർക്ക് ലീഗ് നേതാക്കളാണ് സംരക്ഷണം നല്കുന്നതെന്ന് ലീഗ് അണികൾ തന്നെ പറയുന്നു. വിദേശത്തേക്ക് കടന്നവർ മുൻ ജനപ്രതിനിധിയും പ്രവാസിയുമായ നേതാവിന്റെ സംരക്ഷണത്തിലാണെന്നും ആരോപണമുണ്ട്.
കസ്റ്റഡിയിലെടുത്ത സമീറിന്റെ വെളിപ്പെടുത്തലിന്റെ ഭാഗമായി കല്ലാച്ചി ശാഖയായ ന്യൂ ഗോൾഡ് പാലസിന്റെ മാനേജർ കുറ്റ്യാടി വടയം സ്വദേശി റുംഷാദിനെ നാദാപുരം ഡിവൈഎസ്പി ജേക്കബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും സാധാരണക്കാരായ ലീഗുകാരാണ്. ഇവർ നേതൃത്വത്തിനെതിരെ തിരിഞ്ഞതും ലീഗിന് തലവേദനയാകുന്നു.