കൊച്ചി> കൊച്ചി കോർപറേഷനിൽ കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച മുണ്ടംവേലി ഡിവിഷൻ കൗൺസിലർ മേരി കലിസ്റ്റ പ്രകാശൻ എൽഡിഎഫിന് പിന്തുണയറിയിച്ചു. ഇതോടെ കോർപറേഷൻ ഭരിക്കുന്ന എൽഡിഎഫിന് കേവലഭൂരിപക്ഷമായി. നിലവിൽ 74 അംഗ കൗൺസിലിൽ എൽഡിഎഫിന് 37 ഉം യുഡിഎഫിന് 31 ഉം ബിജെപിക്ക് 5 ഉം അംഗങ്ങളുടെ പിന്തുണയാണുള്ളത്. ഗാന്ധിനഗർ ഡിവിഷൻ അംഗമായിരുന്നു സിപിഐ എമ്മിലെ കെ ശക ശിവൻ അന്തരിച്ചതോടെ ആ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്.
കോൺഗ്രസ്സിന്റെ മാനസിക പീഡനത്തിലും , ഭീഷണിയിലും സഹിക്കെട്ടാണ് യു ഡി എഫിന് ഇതുവരെ നൽകിയ പിന്തുണ പിൻവലിക്കാനും, എൽ ഡി എഫിനോടൊപ്പംചേർന്ന് പ്രവർത്തിക്കാനും തിരുമാനിച്ചതെന്ന് കലിസ്റ്റപ്രകാശനും ഭർത്താവും, മുൻ കൗൺസിലറുമായ കെ ജെ പ്രകാശനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കോണ്ഗ്രസ് പ്രവര്ത്തകയായിരുന്ന മേരി കലിസ്റ്റ ഇക്കുറി വിമതയായാണ് മത്സരിച്ചു ജയിച്ചത്. 25 വർഷമായി മുണ്ടംവേലി ഡിവിഷനിൽനിന്ന് മേരി കലിസ്റ്റയോ പ്രകാശനോ ആണ് വിജയിക്കാറുള്ളത്.
കഴിഞ്ഞ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ്സ് മേരി കലിസ്റ്റപ്രകാശന് സീറ്റ് നിഷേധിച്ചിരുന്നു. തുടർന്ന് സിഎംപി പിന്തുണയോടെ സ്വതന്ത്രയായി മൽസരിച്ച് വിജയിച്ചു. ശേഷം കൊച്ചി നഗരസഭയിൽ യു ഡി എഫിന് പിന്തുണ നൽകുകയായിരുന്നു. എന്നാ ൽ കൗൺസിലർ എന്ന നിലയിൽ പ്രവർത്തിക്കാൻ, കോൺഗ്രസ്സുകാർ സമ്മതിച്ചിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും, ജീവനും, സ്വത്തിനും തന്നെ ഭീഷണിയായതായി കൗൺസിലർ പറഞ്ഞു.ഇത് കോൺഗ്രസ്സ് നേതൃത്വത്തെ നിരവധി തവണ അറിയിച്ചിട്ടും പ്രതികരണവും ഉണ്ടായില്ലെന്ന് കലിസ്റ്റ പറഞ്ഞു.