കാബൂൾ> അഫ്ഗാനിസ്ഥാനിലെ സ്വകാര്യ സർവകലാശാലകളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാകൃത മാർഗരേഖയുമായി താലിബാൻ. പെൺകുട്ടികൾ നിർബന്ധമായും മുഖം മറയ്ക്കണം, ക്ലാസ് റൂമുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറവേണം, പെൺകുട്ടികളെ വനിതാ അധ്യാപകർ തന്നെ പഠിപ്പിക്കണം, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക വാതിലുകൾ വേണം, ആൺകുട്ടികളും പെൺകുട്ടികളും ഇടവേളകളിൽ ഒരുമിച്ച് ഇടപഴകാതിരിക്കാൻ പെൺകുട്ടികളുടെ ക്ലാസുകൾ അഞ്ച് മിനിറ്റ് മുമ്പായി അവസാനിപ്പിക്കണം, സഹപാഠികളായ ആൺകുട്ടികൾ കോളേജ് പരിസരം വിട്ടുപോകുന്നതുവരെ പെൺകുട്ടികൾ വിശ്രമമുറികളിൽ തുടരണം തുടങ്ങിയ നിർദേശങ്ങളാണ് മാർഗരേഖയിലുള്ളത്. സ്വകാര്യ സർവകലാശാലകൾ തുറന്ന് പ്രവർത്തനമാരംഭിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മാർഗരേഖ പുറത്തിറക്കിയത്.
അതിനിടെ, താലിബാൻ മുന്നേറ്റത്തിന് മുന്നിൽ കീഴടങ്ങാതെ പിടിച്ചുനിന്ന പഞ്ച്ശീർ താഴ്വരയും പിടിച്ചടക്കിയതായി താലിബാൻ വ്യക്തമാക്കി. പഞ്ച്ശീറിന്റെ തലസ്ഥാനത്ത് പ്രവിശ്യ ഗവർണറുടെ ഓഫീസിന്റെ ഗേറ്റിന് മുന്നിൽ താലിബാൻ അംഗങ്ങൾ നിൽക്കുന്നതും ഓഫീസിലെ കൊടിമരത്തിൽ താലിബാന്റെ പതാക ഉയർത്തിയതുമായുള്ള ചിത്രങ്ങൾ താലിബാൻ ട്വീറ്റ് ചെയ്തു. ആക്രമണങ്ങൾ അവസാനിപ്പിച്ച് ചർച്ചയാകാമെന്ന പഞ്ച്ശീർ വടക്കൻ സഖ്യ നേതാവ് അഹമ്മദ് മസൂദിന്റെ നിർദേശം താലിബാൻ നേരത്തെ തള്ളിയിരുന്നു. പഞ്ച്ശീർ പിടിച്ചടക്കാൻ പാക് ചാരസംഘടനയുടെ സഹായം താലിബാന് ലഭിച്ചതായും സൂചനയുണ്ട്.