ന്യൂഡൽഹി
വ്യവസായ പ്രമുഖന്റെ ഭാര്യയിൽനിന്ന് 200 കോടി രൂപ തട്ടിയെടുക്കാൻ സഹായിച്ചെന്ന കുറ്റത്തിന് ചലച്ചിത്രതാരം ലീനാ മരിയ പോളിനെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യവിഭാഗം അറസ്റ്റുചെയ്തു. സാമ്പത്തിക കുറ്റകൃത്യ കേസിൽ ജയിലിലുള്ള റെലിഗേർ എന്റർപ്രൈസസ് ഉടമ ശിവീന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങിനെയാണ് ഭർത്താവ് സുകേഷ് ചന്ദ്രശേഖറുമായി ചേർന്ന് ലീന കബളിപ്പിച്ചത്. ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ശിവീന്ദറിനെ ജയിൽ മോചിതനാക്കാമെന്നും കേന്ദ്രസർക്കാരിന്റെ കോവിഡ് സമിതികളിൽ വ്യവസായ ഉപദേശകനായി ഉൾപ്പെടുത്താമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കേന്ദ്ര നിയമ സെക്രട്ടറിയെന്ന് അവകാശപ്പെട്ട് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. പിന്നീട് പ്രധാനമന്ത്രി കാര്യാലയത്തിൽനിന്നെന്ന വ്യാജേനയും വിളിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായെയോ മുൻ നിയമമന്ത്രി രവിശങ്കർ പ്രസാദിനെയോ നേരിൽ കാണാൻ അവസരമൊരുക്കാമെന്നും വാഗ്ദാനംചെയ്തു. ഇതിന് മുമ്പ് പാർടി ഫണ്ടിലേക്ക് സഹായം നൽകണമെന്നു അറിയിച്ചു 200 കോടിയോളം തട്ടി. കബളിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അതിഥി സിങ് പൊലീസിനെ സമീപിച്ചത്. കള്ളപണം വെളുപ്പിക്കലിന് ഇഡി നേരത്തെ സുകേഷിന്റെ സ്വത്തുവകകൾ പിടിച്ചെടുത്തിരുന്നു. ചെന്നൈയിലെ ബംഗ്ലാവ്, 82.5 ലക്ഷം രൂപ, ഡസനിലേറെ ആഡംബര കാറുകൾ എന്നിവയാണ് ഇഡി പിടിച്ചെടുത്തത്.
ലീനാ പോളിനൊപ്പം ജോയൽ ജോസ് മാത്യൂസ് (27), കമലേഷ് കോത്താരി (40), അരുൺ മുത്തു (31), ബി മോഹൻ രാജ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
സുകേഷ്, സഹായികളായ പ്രദീപ്, ദീപക്ക്, കൊണാട്ട്പ്ലേസ് ആർബിഎൽ മാനേജർ കോമൾ പൊഡ്ഡാർ, അവരുടെ സഹായികളായ അവിനാശ് കുമാർ, ജിതേന്ദർ നരുല എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.