കാബൂൾ
കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച ഏതാനും ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചു. ഹെറാത്, തെക്കൻ കാണ്ഡഹാർ, ബാൾഖ് പ്രവിശ്യകളിലേക്കായിരുന്നു സർവീസ്. റഡാർ സംവിധാനം പ്രവർത്തിപ്പിക്കാതെയായിരുന്നു സർവീസുകളെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള അരിയാന അഫ്ഗാൻ എയർലൈൻസ് സ്റ്റേഷൻ മാനേജർ ഷേർഷാ സ്റ്റോർ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. വിമാനത്താവളം പൂർണമായും പ്രവർത്തനക്ഷമമാക്കാൻ ഖത്തറിൽനിന്നും തുർക്കിയിൽനിന്നുമുള്ള സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ ശ്രമം തുടരുന്നു. ഭക്ഷണവും മരുന്നുമായി ഖത്തർ വിമാനവും കാബൂളിലെത്തി. 26 ടൺ സഹായസാമഗ്രികളാണ് അയച്ചതെന്ന് ഖത്തർ അറിയിച്ചു.
അതേസമയം, പഞ്ച്ശീറിൽ വടക്കൻ സഖ്യവുമായുള്ള പോരാട്ടം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് താലിബാൻ. പ്രവിശ്യയിലെ എട്ട് ജില്ലയിൽ ഏറ്റവും വലുതായ റോഖ കീഴടക്കിയതായി താലിബാൻ വക്താവ് പറഞ്ഞു. പഞ്ച്ശീർ തലസ്ഥാനത്തും എത്തിയതായി അവർ ട്വീറ്റ് ചെയ്തു. എന്നാൽ, കുറഞ്ഞത് 600 താലിബാൻകാരെ കൊന്നതായും അവരുടെ വാഹനങ്ങളും പിടിച്ചെടുത്തതായും വടക്കൻ സഖ്യം പറഞ്ഞു. താലിബാനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് വടക്കൻ സഖ്യ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞു. അഫ്ഗാനിലെ ആക്രമണങ്ങൾ എത്രയുംവേഗം നിർത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. അഭയാർഥി വിഷയം കൈകാര്യം ചെയ്യുന്ന യു എൻ ഹൈക്കമീഷണറുടെ പ്രത്യേക ദൂതയായ നടി ആഞ്ചലീന ജോളി അഫ്ഗാൻ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചു.
ഇതിനിടെ, എട്ടുമാസം ഗർഭിണിയായ മുൻ പൊലീസുകാരിയെ വീട്ടിൽ കയറി ബന്ധുക്കളുടെ മുന്നിൽവച്ച് താലിബാൻകാർ വെടിവച്ച്കൊന്നതായി റിപ്പോർട്ടുണ്ട്. മധ്യ അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയുടെ തലസ്ഥാനം ഫിറോസോഖിലാണ് സംഭവം.