തൃശൂർ
കേരളത്തിലുള്ള 33 ഇനം വവ്വാലുകളിൽ ഏഴിനം നിപാ വൈറസ് വാഹകരാണെന്ന് പഠനം. എന്നാൽ, ഇന്ത്യൻ പഴവവ്വാലായ ഫ്ളയിങ് ഫോക്സിൽ മാത്രമാണ് കേരളത്തിൽ ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. കേരളത്തിൽ കണ്ടുവരുന്ന ശ്വാനമുഖൻ, കുറുമൂക്കൻ, പ്രഭാത, മഞ്ഞചുവപ്പൻ തുടങ്ങിയ പഴ വവ്വാലുകളും ഇലമൂക്കൻ വവ്വാൽ ഇനത്തിൽ പെട്ട കാന്റർ, മഞ്ഞ എന്നീ ഷഡ്പദഭോജികളുമാണ് നിപ വാഹികൾ.
മലേഷ്യയിലും, ബംഗ്ലാദേളിയും നടത്തിയ പഠനത്തിലാണ് ഇതേ ഇനത്തിൽ വൈറസ് കണ്ടെത്തിയത്. ഇവിടെയും ഇവയെപിടികൂടി പഠനം നടത്തിയാലേ കൂടുതൽ സ്ഥിരീകരണം ലഭിക്കൂ. ആവാസവ്യവസ്ഥക്ക് പ്രശ്നമുണ്ടകുമ്പോഴാണ് വവ്വാലുകൾ വൈറസിനെ പുറംതള്ളാൻ സാധ്യത. വനശാസ്ത്ര കോളേജിലെ വന്യജീവി പഠനവിഭാഗം മേധാവി ഡോ. പി ഒ നമീറിന്റെ നേതൃത്വത്തിലാണ് ലോക വവ്വാൽ സ്പെഷ്യലിസ്റ്റുകളുടെ ഗ്രൂപ്പായ ഐയുസിഎന്നുമായി ചേർന്ന് പഠനം നടത്തിയത്.
ഇന്ത്യയിൽ 11 ഇനം നിപാ വാഹികളായ വവ്വാലുകളുണ്ട്. ഇതിൽ മഞ്ഞചുവപ്പൻ, കുറുമൂക്കൻ എന്നിവയാണ് മനുഷ്യവാസപ്രദേശത്ത് കണ്ടെത്തിയത്. നിപായെ നേരത്തെ കണ്ടെത്താൻ കേരളത്തിലെ വവ്വാലുകളുടെ ഉറവിട ഭൂപടം തയ്യാറാക്കണം. മൂന്നു സീസണിലായി വവ്വാൽ കാഷ്ഠം, മൂത്രം തുടങ്ങിയവ പരിശോധിച്ച് വൈറസ് സാന്നിദ്ധ്യവും ഏറ്റക്കുറച്ചിലുകളും പരിശോധിക്കണം. ഇത്തരം മേഖലകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നത് ഗുണകരമാവും. പറമ്പിൽ വീണു കിടക്കുന്ന പഴങ്ങളോ തുറന്നുവച്ച പാനീയങ്ങളോ ഉപയോഗിക്കരുത്.