കോഴിക്കോട്> നിപ ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം മേഖലയില് നിയന്ത്രണം ശക്തമാക്കി. മരിച്ച കുട്ടിയുടെ വീടിന് മൂന്ന് കിലോമീറ്റര് പരിധിയില് റോഡുകള് അടച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മേഖലയില് കര്ശനനിയന്ത്രണം തുടരും.ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്ഡിലാണ് കുട്ടിയുടെ വീട്. വീട് സ്ഥിതിചെയ്യുന്നതടക്കമുള്ള ചാത്തമംഗലം പഞ്ചായത്തിലെ നാലു വാര്ഡുകള് പൂര്ണമായും അടച്ചു.
കുളിമാട് – പുല്പ്പറമ്പ് റോഡ് രാവിലെ ഒമ്പതോടെ അടച്ചു. വാര്ഡിലെ പോക്കറ്റ് റോഡുകളെല്ലാം കഴിഞ്ഞ ദിവസം രാത്രി മുതല് അടച്ചു തുടങ്ങിയിരുന്നു. കുട്ടിയുടെ വീട് ിതി ചെയ്യുന്ന മാവൂര് പുല്പ്പറമ്പ്- കൂളിമാട് റോഡിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും നടുവിലായി 45 ഓളം വീടുകളാണുള്ളത് . ഈ വീട്ടുകാരോട് ജാഗ്രത പുലര്ത്താന് ആരോഗ്യ വകുപ്പ് നിര്ദേശിച്ചു.
പ്രദേശത്തുള്ള ആര്ക്കെങ്കിലും രോഗലക്ഷണങ്ങള് കണ്ടാല് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് മുഴുവന് കര്ശന നിയന്ത്രണത്തിലാണ്. ജനങ്ങള് ഭീതിയിലാകേണ്ടതില്ലെന്നും എന്നാല്, കടുത്ത ജാഗ്രത പുലര്ത്തണമെന്നും ആരോഗ്യ വകുപ്പ് നിര്ദേശം നല്കി.