കണ്ടെയ്ൻമെന്റ് സോണിൽ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ സാധിക്കില്ല. ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള സാധനങ്ങൾ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വിൽക്കാം. മരുന്ന് കടകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും നിയന്ത്രണമില്ല. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് കളക്ടർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളായ കണ്ണൂർ, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് കണ്ട്രോൾ റൂമിനു പുറമേ നിപാകൺട്രോൾ റൂം സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾക്ക് രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 0495-2382500, 0495-2382800 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
അതേസമയം, ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. പ്രാഥമിക സമ്പർക്കത്തിലുള്ള അവർ ഹൈറിസ്ക് വിഭാഗത്തിലാണ്. അവരെ നിരീക്ഷിച്ചുവരികയാണ്. കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു.
നിപ ബാധിച്ചു മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക വിപുലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി കോഴിക്കോട് ചേർന്ന അവലോകന യോഗത്തിനു ശേഷം പ്രതികരിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമ്പോൾ ആരോഗ്യ വകുപ്പ് തിരിച്ചറിയാത്ത ആളുകൾ ഉണ്ടായേക്കാം. പ്രൈമറി കോണ്ടാക്ടുകളെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അവരുടെ സെക്കന്ററി കോണ്ടാക്ടുകളെ തിരിച്ചറിയേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സെക്കന്ററി കോണ്ടാക്ടുകളെ കണ്ടെത്തുമ്പോൾ സമ്പർക്ക പട്ടിക വിപുലപ്പെടുത്തേണ്ടിവരും. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരാകും ചികിത്സയ്ക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ സ്വകാര്യ ആശുപത്രികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എകെ ശശീന്ദ്രന്‍, പിഎ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്.
മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ഓസ്‌ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി- മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.